എടത്വ: പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്ത ഉടമയുടെ വാഹനത്തില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. എടത്വ അമ്പലത്തില്ചിറ ജിജിനാണ് അറസ്റ്റിലായത്. എടത്വ പൊലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞദിവസം പമ്പ് ഉടമ സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന 11,500 രൂപയാണ് കവര്‍ന്നത്. പമ്പിലെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വഷണത്തിലാണ് ജിജിന് പിടിയിലായത്. പമ്പ് ഉടമ സ്കൂട്ടര്‍ ഓഫീസിന്റെ പുറകില്‍ വച്ചിരിക്കുകയായിരുന്നു. പ്രതി പമ്പില്‍ കറങ്ങി നടന്ന ശേഷം ഓഫീസിന്റെ പിന്നിലെത്തിയ ശേഷം സ്കൂട്ടറില്‍ കിടന്ന താക്കോല്‍ ഉപയോഗിച്ച് സീറ്റ് ഉയര്‍ത്തിയാണ് പണം കവര്‍ന്നത്. പണം നഷ്ടപ്പെട്ട വിവരം പമ്പ് ഉടമ എടത്വ പൊലീസില്‍ അറിയിച്ചിരുന്നു. പൊലീസിന്റെ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്.
എടത്വ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ബി. ആനന്ദബാബു, എസ്ഐമാരായ മഹേഷ്, സജികുമാര്‍, സിപിഒമാരായ സുനില്‍, ഇര്‍ഷാദ്, ഷിബു, പ്രിയ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments