ആലപ്പുഴ: മദ്യപിക്കാൻ പണം നല്‍കാത്തതിന് വയോധികയായ അമ്മയെ ഉപദ്രവിച്ച് അവശയാക്കിയ മകൻ പൊലീസ് പിടിയിൽ. വെട്ടിയാര്‍ വാക്കേലേത്ത് വീട്ടിൽ ശിവരാമന്റെ മകൻ രാജൻ(48) ആണ് അറസ്റ്റിലായത്.
ഈ മാസം 20നാണ് ആക്രമണം നടന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് വെട്ടിയാറുള്ള വീട്ടിൽ അമ്മ ശാന്തയോട് മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും നൽകാത്തതിലുള്ള ദേഷ്യത്തിൽ അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന്, കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് അവശയാക്കിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. മുൻപും പല പ്രാവശ്യം പ്രതി മാതാപിതാക്കളെ ഉപദ്രവിച്ചിട്ടുണ്ട്. പലപ്പോഴും നാട്ടുകാര്‍ ഇടപെട്ടാണ് രാജനെ പിൻതിരിപ്പിച്ചിരുന്നത്. അമ്മ ശാന്തയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവേയാണ് ഒളിവിൽ പോയ പ്രതിയെ പിടികൂടിയത്.
ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നിർദേശാനുസരണം കുറത്തികാട് പൊലീസ് സബ്ബ് ഇൻസ്പെക്ടർ സി.വി. ബിജു, എഎസ്ഐമാരായ രാജേഷ് ആര്. നായര്‍, രജീന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിൽ ഇലവുംതിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments