തിരുവനന്തപുരം: റോബിന്‍ ബസിനെതിരെ രൂക്ഷവിമർശനവുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ആന്റണി രാജു പറഞ്ഞു. റോബിന്‍ ബസ് കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് നിരത്തിലിറങ്ങുന്നതെന്നും ബസിനെതിരെ തുടര്‍ന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം. ബസിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി. വന്‍ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി ബസ് പിടിച്ചെടുക്കാനെത്തിയത്. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡിയുടെ നടപടി.
ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന വിധം ബസ് പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് എംവിഡി പറഞ്ഞു. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹനത്തിന്റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കാനും നടപടിയുണ്ടാകുമെന്ന് എംവിഡി വ്യക്തമാക്കി. ഇതോടൊപ്പം, സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ലോഗര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments