ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ശനിയാഴ്ച ആറ് മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പിൽ ക്രിക്കറ്റിൽ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരാമർശം. മത്സരം കാണാൻ മോദി എത്തിയതാണ് ഇന്ത്യ ലോകകപ്പിൽ തോൽക്കാൻ കാരണമെന്നും മോദി അപശകുനമാണെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
‘അപശകുനം’ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസിന് പരാതിയും ലഭിച്ചു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തപ്പോഴായിരുന്നു മോദിയെ രാഹുൽ പരിഹസിച്ചത്. മോദി സ്റ്റേഡിയത്തിലെത്തും വരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്.
എന്നാൽ അപശകുനമെത്തിയതോടെ പിന്നീടങ്ങോട്ട് ടീമിൻറെ താളം തെറ്റുകയും കളി തോൽക്കുകയുമായിരുന്നുവെന്ന് രാഹുൽ പരിഹസിച്ചു. രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കളുടെ തമ്മിലടിയെ റൺ ഔട്ടാക്കാൻ പരസ്പരം ശ്രമിക്കുന്ന ബാറ്റ്സ്മാൻമാരോട് ഉപമിച്ചതിന് മറുപടിയായി കൂടിയാണ് ക്രിക്കറ്റുമായി ബന്ധപ്പെടുത്തി രാഹുൽ മോദിക്ക് മറുപടി നൽകിയത്.
Post Your Comments