ഒഡീഷ: കേരളത്തെ ഞെട്ടിച്ച ഉത്തര മോഡൽ കൊലപാതകം ഒഡീഷയിലും. ഭാര്യയേയും പിഞ്ചുകുഞ്ഞിനെയും പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഒക്‌ടോബർ 7 ന് വിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയെയും മകളെയും ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. ഗണേശ് പത്ര എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ ബസന്തി പത്ര( 23), മകൾ ദേബസ്മിത എന്നിവരാണ് പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ടത്.
തുടക്കത്തിൽ, മരണങ്ങൾ ആത്മഹത്യയാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. എന്നിരുന്നാലും, കൂടുതൽ അന്വേഷണത്തോടെ ഇത് തികഞ്ഞ കൊലപാതക പദ്ധതിയായിരുന്നുവെന്ന് തെളിഞ്ഞു. തുടർന്നാണ് അറസ്റ്റ്. പാമ്പ് കടിയേറ്റ് മരിച്ചാൽ സർക്കാർ നഷ്ടപരിഹാരമായി എട്ടു ലക്ഷം രൂപ നൽകും. ഈ പണം കൈപ്പറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഗണേശ് പത്ര ഈ ക്രൂരകൃത്യം നടത്തിയത്. കുടുംബപ്രശ്നവും കൊലപാതകത്തിന് കാരണമായി. ഒക്ടോബർ ഏഴിനാണ് ഗഞ്ചം ജില്ലയിലെ കബിസൂര്യ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അധേഗാവിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെയും മകളുടെയും വലത് കാലിന്റെ കണങ്കാൽ എല്ലിന് തൊട്ടുമുകളിലായാണ് പാമ്പ് കടിയേറ്റിരിക്കുന്നത്. ഇവർ സഹായത്തിനായി നിലവിളിക്കുകപോലും ചെയ്തിട്ടില്ല. അതുപോലെ തന്നെ കടിച്ച പാമ്പ് അതേ മുറിയിൽ തുടരുന്നത് അസാധാരണമാണെന്ന് പാമ്പ് വിദഗ്ധർ പൊലീസിനോട് പറഞ്ഞു. പാമ്പിനെ കണ്ടെത്തി അടിച്ചു കൊന്നുവെന്നായിരുന്നു പത്ര പറഞ്ഞത്. ഒരു മാസം മുൻപ് നടന്ന കുറ്റകൃത്യമായതിനാൽ തെളിവു ശേഖരണത്തിൽ പൊലീസ് പ്രതിസന്ധി നേരിടുകയാണ്.
ഗഞ്ചം ജില്ലയിലെ കബിസൂര്യ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ അധേഗാവ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രതിയും ഭാര്യയും തമ്മിൽ മിക്കപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നു. 2020 ൽ ആണ് ഇരുവരും വിവാഹിതരായത്. യുവാവ് സെപ്തംബർ 26 ന് തന്റെ പിതാവിന്റെ പേരിൽ ഒരു സിം കാർഡ് വാങ്ങിയിരുന്നു. മാരകമായ വിഷമുള്ള പാമ്പിനെ കണ്ടെത്തുന്നതിനായി സമീപത്തെ പാമ്പാട്ടികളുമായി ബന്ധപ്പെട്ടു. മതപരമായ ആവശ്യങ്ങൾക്കെന്ന് പറഞ്ഞായിരുന്നു ഇയാൾ പാമ്പാട്ടിയിൽ നിന്നും ഒരു വിഷപ്പാമ്പിനെ സ്വന്തമാക്കിയത്.
ഒക്‌ടോബർ ആറിന് iyaaL പ്ലാസ്റ്റിക് പാത്രത്തിൽ മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് ഭാര്യയും മകളും കിടന്നിരുന്ന മുറിയിലേക്ക് തുറന്നുവിട്ട ശേഷം മറ്റൊരു മുറിയിൽ ഉറങ്ങാൻ പോയി. പിറ്റേന്ന് രാവിലെയാണ് ഇരുവരെയും പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ 5.45 ഓടെ പാമ്പുകടിയേറ്റ് ഭാര്യയും മകളും മരിച്ചെന്ന് വാദിച്ച് ഇയാൾ നിലവിളിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. യുവതിയെയും മകളെയും ഹിഞ്ജലിക്കട്ട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഇരുവരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പാമ്പുകടിയേറ്റ് മരണം സ്ഥിരീകരിച്ചതിനാൽ പോലീസ് പാമ്പുകടിയേറ്റ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്നാൽ ബസന്തി പത്രയുടെ പിതാവ് ഖല്ലി പത്ര തന്റെ മരുമകനെതിരെ കേസ് നൽകി. തന്റെ മകളെ ഇയാൾ കൊലപ്പെടുത്തിയതാകാമെന്ന ഇദ്ദേഹത്തിന്റെ പരാതിയാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന്, പ്രതിയുടെ കോൾ ഡീറ്റെയിൽസ് റെക്കോർഡ് പരിശോധിച്ച പോലീസ്, പ്രതി നിരവധി പാമ്പാട്ടികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ബസന്ത ആചാര്യ എന്ന പാമ്പാട്ടിയിൽ നിന്നാണ് പ്രതി മൂർഖനെ വാങ്ങിയതെന്ന് കണ്ടെത്തി. സംഭവത്തിൽ പാമ്പ് പിടുത്തക്കാരൻ ഉൾപ്പെടെ മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. 2020 ൽ, കേരളത്തിൽ കൊല്ലത്ത് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments