തൃശൂര്‍: വിവേകോദയം സ്‌കൂളില്‍ എയര്‍ഗണ്ണുമായെത്തി വെടിവയ്പ്പ് നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി ജഗന്‍ തോക്ക് വാങ്ങിയത് 1200 രൂപയ്ക്കാണെന്ന്
റിപ്പോര്‍ട്ട്, ട്രിച്ചൂര്‍ ഗണ്‍ ബസാറില്‍ നിന്നാണ് തോക്കു വാങ്ങിയത്.
സെപ്റ്റംബര്‍ 28നാണ് ജഗന്‍ ഇവിടെ നിന്ന് തോക്ക് വാങ്ങിയത്. പലപ്പോഴായി പിതാവില്‍ നിന്നു പണം വാങ്ങി സ്വരൂപിച്ചാണ് തോക്ക് വാങ്ങിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
നിയമാനുസൃതമായ രേഖകള്‍ ഉപയോഗിച്ചുകൊണ്ടാണ് ജഗന്‍ തോക്കു വാങ്ങിയതെന്നാണ് കടയുടമ പറയുന്നത്. അപകടസാധ്യതയുള്ള തോക്കല്ലെന്ന് കടയുടമ പറഞ്ഞു. ജഗന് തോക്കു വാങ്ങിയതിന്റെ രേഖകള്‍ പൊലീസിന് കൈമാറിയെന്ന് കടയുടമ പറയുന്നു. ബ്ലാങ്ക് ഫയറിങ് ആയിരിക്കും ഉണ്ടായതെന്നാണ് നിഗമനം.
ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. പൂര്‍വ വിദ്യാര്‍ത്ഥിയായ മുളയം സ്വദേശി ജഗന്‍ തോക്കുമായെത്തി ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവെക്കുകയായിരുന്നു. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വെടിയുതിര്‍ത്ത ശേഷം ഓടുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ക്ലാസ് റൂമുകളില്‍ കയറിയിറങ്ങിയതെന്ന് അധ്യപകര്‍ പറഞ്ഞു. വെടിവെച്ച ശേഷം സ്‌കൂളിന്റെ ഒന്നാം നിലയില്‍ നിന്ന് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പഠനം പാതി വഴിയില്‍ നിര്‍ത്തിയ ആളാണ് ജഗനെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
Post Your Comments