KeralaLatest News

മറിയക്കുട്ടിക്കും ​റോബിൻ ബസ് ഉടമ ​ഗിരീഷിനും ശ്രേഷ്ഠകർമ്മ പുരസ്ക്കാരം: നൽകുന്നത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ

കോട്ടയം: റോബിൻ ബസ് ഉടമ ഗിരീഷിനും അടിമാലിയിലെ മറിയക്കുട്ടിക്കും അന്ന ഔസേപ്പിനും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ശ്രേഷ്ഠകർമ്മ പുരസ്ക്കാരം. കേന്ദ്രനിയമപ്രകാരം ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനം സ്റ്റേജ് കാരിയേജ് ബസായി സർവീസ് നടത്താൻ റോബിൻ ബസ് ഉടമ ​ഗിരീഷ് നടത്തുന്ന ശ്രമങ്ങളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ യാചനാ സമരം നടത്തി ശ്രദ്ധേയരായവരാണ് അടിമാലിയിലെ മറിയക്കുട്ടിയും അന്ന ഔസേപ്പും.

പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് ശ്രേഷ്ഠകർമ്മ പുരസ്ക്കാരം.അനീതിക്കെതിരെ നിയമമാർഗത്തിലൂടെ മാത്രമുള്ള പോരാട്ടമാണ് മൂവരെയും അവാർഡിന് അർഹമാക്കിയതെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ വ്യക്തമാക്കി.

“രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച് പ്രകോപനങ്ങൾ സൃഷ്ടിക്കാതെ ഇവർ നടത്തുന്ന പോരാട്ടങ്ങൾ മാതൃകാപരമാണ്. അക്രമത്തിനും കലാപത്തിനും വഴിതെളിക്കാതെ സത്യവും നീതിയും ഉയർത്തിപ്പിടിച്ചുകൊണ്ട് മറിയക്കുട്ടി, അന്ന ഔസേപ്പ് എന്നീ മുതിർന്ന പൗരന്മാർ നടത്തുന്ന അവകാശപോരാട്ടവും സംയമനത്തോടെ പൂർണ്ണമായും നിയമ മാർഗ്ഗം സ്വീകരിച്ചുകൊണ്ട് പോരാട്ടം നടത്തുന്ന റോബിൻ ഗിരീഷ് നടത്തുന്ന പോരാട്ടവും സമാനതകളില്ലാത്തതാണ്”, ഫൗണ്ടേഷൻ വ്യക്തമാക്കി.

സമരങ്ങളുടെ പേരിൽ പൊതുമുതൽ നശിപ്പിക്കുകയും പൗരൻ്റെ സഞ്ചാരസ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഇവരുടെ ഗാന്ധിയൻ മാർഗ്ഗത്തിലുള്ള പോരാട്ടങ്ങൾ അഭിനന്ദനാർഹമാണെന്നും ഫൗണ്ടേഷൻ വിലയിരുത്തി. നവംബർ 26 ന് ഇവരുടെ വീടുകളിലെത്തി പുരസ്കാരങ്ങൾ സമ്മാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button