Latest NewsKerala

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിയതല്ല കത്തിച്ചത്: ഉടമയുടെ സഹോദരൻ പിടിയിൽ

കോഴിക്കോട്: നാദാപുരം ചേലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പരാതിക്കാരന്‍റെ സഹോദരൻ അറസ്റ്റിൽ. ചരളിൽ സജിലേഷിനെ ( 35 ) ആണ് നാദാപുരം എസ് ഐ ജിയോ സദാനന്ദനും, ഡി വൈ എസ് പിയുടെ സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതികാരമാണ് തീ വെപ്പിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച്ച രാത്രി 1.30 നാണ് വീട്ട് മുറ്റത്ത് നിർത്തിയിട്ട സജിലേഷിന്റെ ജേഷ്ഠൻ അനീഷിന്റെ സ്കൂട്ടർ കത്തി നശിച്ച നിലയിൽ കണ്ടത്.

അനീഷിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതി അനീഷിനോട് സ്കൂട്ടർ നൽകാൻ ആവശ്യപ്പെട്ടിരുന്നു എന്നാൽ അനീഷ് സ്കൂട്ടർ നൽകിയിരുന്നില്ല. ഇതേ തുടർന്ന് പ്രതി കുറ്റ്യാടിയിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങുകയും രാത്രി വീട്ടുകാർ ഉറങ്ങി കിടക്കുന്നതിനിടെ തീ വെക്കുകയുമായിരുന്നു.

സംഭവത്തിന് ശേഷം വീട്ടിൽ കിടന്നുറങ്ങിയ സജിലേഷ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. പരാതിക്കാരനിൽ നിന്ന് വിശദമായി മൊഴി എടുത്തതാണ് പ്രതിയിലേക്കെത്താൻ പോലീസിന് തുണയായത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത സജിലേഷിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ കുറ്റ്യാടിയിലെ പെട്രോൾ പമ്പിലും, വീട്ടിലും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button