KeralaLatest NewsIndia

യൂത്ത് കോൺഗ്രസ് വ്യാജരേഖ ആരോപണം: സിബിഐയ്ക്ക് വിടുമെന്ന് സൂചന

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ചമച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തേക്കും. കേരളത്തിന് പുറത്തും അന്വേഷണം വേണ്ടി വരുന്ന സാഹചര്യത്തിലാണിത്. സെർവറിലെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കത്ത് നൽകും. പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിജിപി റിപ്പോർട്ട് നൽകും. സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് റിപ്പോർട്ട് നൽകുക.

അതേസമയം, സംഭവത്തിൽ പരാതിക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് മൊഴി നൽകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ മൊഴി മ്യൂസിയം പോലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ സൈബർഡോമും അന്വേഷണം തുടങ്ങി. വ്യാജ കാർഡ് ഉണ്ടാക്കിയിരിക്കാൻ സാധ്യതയുള്ള മൊബൈൽ ആപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം.

ആപ്പിന്റെ നിർമാതാക്കളെ കണ്ടെത്താനാണ് ആദ്യ ശ്രമം. ആപ്പ് ഉണ്ടാക്കിയത് സംഘടനാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണോയെന്ന് പരിശോധിക്കും. ശേഷം വോട്ട് ചെയ്ത് മുഴുവൻ പേരുടെയും വിവരങ്ങൾ ശേഖരിക്കാൻ ആണ് തീരുമാനം. വിവാദ ആപ്പിന്റെ സേവനം യൂത്ത് കോൺഗ്രസ് സ്വീകരിച്ചോ എന്നതും പരിശോധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം തുടരുകയാണ്. അഞ്ചുദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കുകയായിരിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളുടെ മൊഴി എടുക്കും. മദർ ഐഡി കാർഡ് ഉടമ ടോമിൻ മാത്യുവിനെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നിരുന്നു.

കണ്ണൂരിൽ തിരഞ്ഞെടുപ്പിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന പരാതിയുമായി കെ സുധാകരൻ പക്ഷം രംഗത്തെത്തിയിരുന്നു. ജില്ലയിൽ 2000ത്തിലേറെ ഒറിജിനൽ വോട്ടുകൾ അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. ചേർത്ത വോട്ടുകൾ പോലും കണക്കിൽ ഇല്ലെന്നും പകുതി വോട്ടുകൾ കാണാനില്ലെന്നും ജില്ലാ പ്രസിഡന്റ് സ്ഥാനാർത്ഥി ഫർസിൻ മജീദ് പ്രതികരിച്ചിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button