Latest NewsIndiaNews

റോബിന്‍ ബസ് പിടിച്ചെടുത്ത് തമിഴ്‌നാട് എംവിഡി, ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫീസിലേക്ക് ബസ് മാറ്റിയിട്ടു

 

കോയമ്പത്തൂര്‍: കേരളത്തില്‍ വിവാദമായ റോബിന്‍ ബസ് പിടിച്ചെടുത്ത് തമിഴ്നാട് എംവിഡി. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പുറപ്പെട്ട ബസിനെ ചാവടി ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് എംവിഡി കസ്റ്റഡിയിലെടുത്തത്. ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫീസിലേയ്ക്ക് മാറ്റിയിടാന്‍ നിര്‍ദ്ദേശിച്ചെന്നാണ് വിവരം.

അതേസമയം, തമിഴ്നാട് എംവിഡിയുടെ നടപടിക്കെതിരെ ബസ് ഉടമ റോബിന്‍ ഗിരീഷ് രംഗത്തെത്തി. കേരള സര്‍ക്കാര്‍ തമിഴ്‌നാടിനെ കൂട്ടുപിടിച്ച് വേട്ടയാടുകയാണെന്നായിരുന്നു വിമര്‍ശനം.

Read Also: മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണി എംഡിഎംഎയുമായി അറസ്റ്റിൽ

നേരത്തെ, തൊടുപുഴ കരിങ്കുന്നത്ത് വെച്ചും ബസ് തടഞ്ഞ് എംവിഡി പരിശോധന നടത്തിയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് സംഭവം. ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലും മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ ബസിന് ഒരു ലക്ഷത്തിലധികം രൂപ പിഴയിട്ടിരുന്നു. പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാലാണ് പിഴയീടാക്കി വിട്ടയച്ചത്.

ഇന്നലെ നാലിടത്താണ് ബസ് തടഞ്ഞ് പിഴയിട്ടത്. ആകെ 37500 രൂപ കേരളത്തില്‍ മാത്രം പിഴ ചുമത്തി. പിന്നാലെ തമിഴ്നാട്ടിലെ ചാവടി ചെക്ക് പോസ്റ്റില്‍ വെച്ച് ബസിന് 70,410 രൂപ പിഴ ഈടാക്കി. അനുമതിയില്ലാതെ സര്‍വീസ് നടത്തിയതിനാണ് നടപടി. ഈ തുകയില്‍ പിഴയ്‌ക്കൊപ്പം ടാക്സ് കൂടെ ഈടാക്കി. നികുതിയായി 32000 രൂപയും പെനാല്‍റ്റി ടാക്സായി 32000 രൂപയുമടക്കമാണ് റോബിന്‍ മോട്ടോഴ്സ് അടച്ചത്.

ഇന്നലെ യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു തവണയാണ് റോബിന്‍ ബസിനെ എംവിഡി തടഞ്ഞത്. പുലര്‍ച്ചെ അഞ്ചുമണിയോടു കൂടിയാണ് പത്തനംതിട്ടയില്‍ നിന്നും റോബിന്‍ ബസ് യാത്ര ആരംഭിച്ചത്. സര്‍വീസ് തുടങ്ങി ഏകദേശം 200 മീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ ആദ്യ എംവിഡി സംഘം ബസ് തടഞ്ഞു. ബസ് പെര്‍മിറ്റ് ലംഘിച്ചു എന്ന് കാട്ടി 7500 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്. അതേസമയം ബസ് പിടിച്ചെടുക്കാതെ ചെലാന്‍ നല്‍കുക മാത്രമാണ് എംവിഡി ഉദ്യോഗസ്ഥര്‍ ചെയ്തത്. ഇതോടെ ബസ് പിഴ അടയ്ക്കാതെ തന്നെ യാത്ര തുടരുകയായിരുന്നു.

പാലയില്‍ എത്തിയപ്പോഴാണ് രണ്ടാമത്തെ എംവിഡി സംഘം ബസ് തടഞ്ഞത്. പുലര്‍ച്ചെ മുതല്‍ തന്നെ റോബിന്‍ ബസിനെ കാത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പാലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് വിവരം നേരത്തെ ലഭിച്ചിരുന്നു. എംവിഡി ഉദ്യോഗസ്ഥരുടെ ലക്ഷ്യം റോബിന്‍ ബസ് മാത്രമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതിനു കാരണമായി അവര്‍ പറയുന്നത് സീറ്റ് ബെല്‍റ്റ് ഇല്ലാതെ കാറോടിച്ചവരെ പോലും എംവിഡി സംഘം ശ്രദ്ധിച്ചില്ല എന്നുള്ളതാണ്. തങ്ങള്‍ സീറ്റ് ബെല്‍റ്റ് ഇടാതെ പോയിട്ടും അത് ശ്രദ്ധിക്കാതെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസിനെ കാത്തുനില്‍ക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ ആരോപണം ഉന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button