
മലപ്പുറം: നവകേരള സദസില്‍ പങ്കെടുത്ത എന്‍.എ അബൂബക്കറിനെ തള്ളി മുസ്ലിം ലീഗ്. ലീഗ് നേതാക്കളായ പിഎംഎ സലാമും പി.കെ കുഞ്ഞാലിക്കുട്ടിയും അബൂബക്കറിനെതിരെ രംഗത്ത് വന്നു. നവകേരള സദസില്‍ ലീഗ് ഭാരവാഹികള്‍ പങ്കെടുത്തിട്ടില്ലെന്ന് പിഎംഎ സലാം മലപ്പുറത്ത് പറഞ്ഞു. എന്‍.എ അബൂബക്കര്‍ നിലവില്‍ ലീഗ് ഭാരവാഹിയല്ല. നേരത്തെ ആയിരിക്കാമെന്നും സലാം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഭാരവാഹികള്‍ ആരെങ്കിലും പങ്കെടുത്തതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടി ഉണ്ടാകും. കേരള ബാങ്ക് വിഷയത്തില്‍ എല്ലാ ദിവസവും പ്രതിരിക്കേണ്ടതില്ല. ലീഗ് നിലപാട് നേരത്തെ പറഞ്ഞതാണ്’, പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.
നവകേരള സദസുമായി ലീഗ് സഹകരിക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വളരെ വ്യക്തമായി യുഡിഎഫ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് എന്‍.എ അബൂബക്കറാണ് നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും നായന്മാര്‍മൂല ലീഗ് യൂണിറ്റ് പ്രസിഡന്റുമാണ്. കാസര്‍കോടുള്ള വ്യവസായ പ്രമുഖനാണ് അബൂക്കര്‍. മന്ത്രിമാര്‍ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കര്‍ ഹാജി യോഗത്തില്‍ പറഞ്ഞിരുന്നു.
Post Your Comments