ലോകകപ്പ് ഫൈനൽ മത്സരങ്ങളോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഫൈനൽ മത്സരം കാണാൻ വിമാനത്തിലാണ് യാത്രയെങ്കിൽ, പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഫൈനൽ മത്സരം നടക്കുന്ന അഹമ്മദാബാദിലേക്കുള്ള നിരക്കുകളാണ് വിമാനക്കമ്പനികൾ കുത്തനെ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഫൈനൽ മത്സരത്തിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടം കൊയ്യുന്നത് വിമാനക്കമ്പനികളാണെന്ന് പറയാം.
ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ടിക്കറ്റ് നിരക്ക് 39,000 രൂപയും, മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് 32,000 രൂപയുമാണ് നിരക്ക്. അതേസമയം, ബെംഗളൂരുവിൽ നിന്നാണ് ഫൈനൽ കാണാൻ പോകുന്നതെങ്കിൽ 26,999 രൂപയ്ക്കും 33,000 രൂപയ്ക്കും ഇടയിലാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, കൊൽക്കത്തയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകാൻ ഏറ്റവും ചുരുങ്ങിയത് 40,000 രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും.
Also Read: തൃശൂർ മെഡിക്കൽ കോളജിൽ രോഗി തൂങ്ങിമരിച്ചു
ടിക്കറ്റുകൾക്ക് ഡിമാൻഡ് വർദ്ധിച്ച സാഹചര്യത്തിൽ ഇൻഡിഗോ, വിസ്താര തുടങ്ങിയ എയർലൈനുകൾ അധിക സർവീസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ, 2 ദിവസത്തേക്ക് മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ ഓരോ വിമാനങ്ങൾ വീതം വിന്യസിച്ചിട്ടുണ്ട്. അതേസമയം, അഹമ്മദാബാദിൽ വേണ്ടത്ര താമസസൗകര്യം ഇല്ലാത്തതിനാൽ, ഫൈനൽ മത്സരം കഴിയുന്ന ഞായറാഴ്ച തന്നെ അഹമ്മദാബാദിൽ നിന്ന് തിരിച്ചും സർവീസുകൾ നടത്താനാണ് വിമാനക്കമ്പനികളുടെ തീരുമാനം.
Post Your Comments