തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണം സംബന്ധിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്. കേസ് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. സൈബർ വിദഗ്ധർ ഉൾപ്പെടുന്ന സംഘത്തിന് ഉടൻ രൂപം നൽകും. ഡിസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയും അന്വേഷിക്കും.
എസിപിയുടെ നേതൃത്വത്തിലാണ് പരാതി അന്വേഷിക്കുക. അഞ്ച് ദിവസത്തിനകം തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക റിപ്പോർട്ട് നൽകും.ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്. വ്യാജരേഖ ചമയ്ച്ചതിനാണ് കേസ്. ഐ ടി ആക്റ്റ് ഉള്‍പ്പടെ യുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചിരുന്നു.
ഒന്നര ലക്ഷത്തോളം വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്‍ഡാണ് ഉണ്ടാക്കിയത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. യൂത്ത് കോണ്‍ഗ്രസ് ചെയ്തത് രാജ്യദ്രോഹകുറ്റമാണെന്നുമായിരുന്നു വി കെ സനോജിന്റെ പ്രതികരണം. ബാംഗ്ലൂരിലെ കമ്പനിയാണ് ആപ് തയ്യാറാക്കിയത്. 22 കോടി രൂപ ഇതിനായി ചെലവഴിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പിന്റെ ഭാഗം മാത്രമല്ല ഇതെന്നും വി കെ സനോജ് ആരോപിച്ചിരുന്നു.
അതേസമയം വിഷയം സിപിഎമ്മും ബിജെപിയും രാഷ്ട്രീയ ആയുധമാക്കിയതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കി എന്നാണ് ആരോപണം. ജില്ലാ സംസ്ഥാന നേതാക്കളാണ് ഇത് സംബന്ധിച്ച് എ ഐ സി സി ക്കും യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും പരാതി നൽകിയത്.
വ്യാജ കാർഡ് നിർമ്മിച്ച ആപ്പ് റിപ്പോർട്ടർ ടിവി ആണ് പുറത്തുവിട്ടത്. അതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഡിവൈഎഫ്ഐ നേതാവ് വി കെ സനോജും പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
Post Your Comments