അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത പുതിയ വിമാനം ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ. ഡിസൈനിലും, പ്രവർത്തനത്തിലും വ്യത്യസ്തത പുലർത്തുന്ന എ350-900 എയർക്രാഫ്റ്റ് എന്ന വിമാനമാണ് എയർ ഇന്ത്യ പുതുതായി അവതരിപ്പിക്കുന്നത്. ഈ വിമാനം സിംഗപ്പൂരിൽ നിന്നും ഫ്രാൻസിലെ തൗലോസിൽ എത്തിച്ചിട്ടുണ്ട്. പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നുള്ള ക്യാപ്ഷനോടുകൂടി, പുത്തൻ വിമാനത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ എയർ ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്.
യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള വിമാനങ്ങൾ എയർ ഇന്ത്യ പുറത്തിറക്കുന്നത്. ഡിസംബറിന് മുമ്പായി വിമാനം എയർ ഇന്ത്യയ്ക്ക് കൈമാറുന്നതാണ്. ഇതിനു മുൻപ് ചെയ്ത തീർക്കേണ്ട തുടർ പ്രവർത്തനങ്ങളുടെ വിഭാഗമായാണ് വിമാനം സിംഗപ്പൂരിൽ നിന്ന് ഫ്രാൻസിലേക്ക് എത്തിച്ചത്. സിംഗപ്പൂരിൽ വച്ചാണ് പുതിയ വിമാനം രൂപകൽപ്പന ചെയ്തത്. സർവീസുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 40 എയർബസുകൾ കൂടി വാങ്ങുന്നതിനുള്ള തീരുമാനത്തിലേക്ക് എയർ ഇന്ത്യ എത്തിയത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വിമാന കമ്പനിയാണ് എയർ ഇന്ത്യ.
Post Your Comments