കോട്ടയം: സപ്ലൈകോ നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. സംസ്ഥാന സർക്കാർ വിപണി ഇടപെടലിന് പണം അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ വാഗ്ദാനവും പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ സപ്ലൈകോ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് മാത്രം ആയിരം കോടി രൂപയോളം നൽകാനുണ്ടെന്നാണ് റിപ്പോർട്ട്. 250 കോടി രൂപയെങ്കിലും ഉടൻ ലഭിച്ചില്ലെങ്കിൽ സപ്ലൈകോയുടെ പ്രവർത്തനം തന്നെ നിലയ്ക്കുന്ന സ്ഥിതിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സപ്ലൈകോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന ഏജൻസികൾക്കും കമ്പനികൾക്കും നൽകാനുള്ള കുടിശ്ശിക 650 കോടിയിൽനിന്ന് 700-ലേക്ക് എത്തി. ഓണക്കാലത്തെ 350 കോടിയുടെ ബില്ലും ധനവകുപ്പിന് നൽകിയതോടെ കുടിശ്ശിക 1000 കോടി കവിഞ്ഞിട്ടുണ്ട്. ഭക്ഷ്യസംസ്‌കരണത്തിന് കേന്ദ്രത്തിൽനിന്നുള്ള പണംകിട്ടുമെന്നും അപ്പോൾ തുക അനുവദിക്കുമെന്നുമാണ് ധനവകുപ്പ് നിലപാട്. എന്നാൽ, 2018 മുതലുള്ള ഓഡിറ്റ് പൂർണമാക്കാതെ പണമനുവദിക്കില്ലന്നാണ് കേന്ദ്രഭക്ഷ്യമന്ത്രാലയം അറിയിച്ചത്. ഓഡിറ്റ് നടക്കുന്നതേയുള്ളൂ.
13 ഇനങ്ങളാണ് സബ്‌സിഡിനിരക്കിൽ സപ്ലൈകോ വിൽക്കുന്നത്. രണ്ടിനത്തിന്റെ ടെൻഡറാണ് കഴിഞ്ഞദിവസം നടന്നത്. ബാക്കിയുള്ളതിൽ ഏജൻസികൾ വിട്ടുനിന്നു. വിലകൂട്ടാമെങ്കിൽ ടെൻഡറിൽ പങ്കെടുക്കാമെന്നാണ് ഭൂരിഭാഗം കമ്പനികളും അറിയിച്ചത്. ഓഡിറ്റ് തടസ്സം വരുമെന്നതിനാൽ സപ്ലൈകോ സമ്മതിച്ചില്ല.
വിപണിവില 52 രൂപയുള്ളപ്പോൾ അരിക്ക് 24 രൂപയാണ് സപ്ലൈകോ വില. 22 രൂപയാണ് പഞ്ചസാരയ്ക്ക് സപ്ലൈകോ വില. ഇരട്ടിയാണ് പൊതുവിപണിവില. അരി, പഞ്ചസാര, പയർവർഗങ്ങൾ എന്നിവയ്ക്ക് 15 ശതമാനവും മറ്റുള്ളവയ്ക്ക് 25 ശതമാനവും വിലവർധനയാണ് സപ്ലൈകോ ആവശ്യം. 40 കോടി രൂപയാണ് സബ്‌സിഡി ഇനത്തിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകേണ്ടത്. 2021-ൽ 1428 കോടി നൽകിയിരുന്നു. 22-ൽ അത് 440 കോടിയായി വെട്ടി. ഈവർഷം 190 കോടിയും.
2593 കോടി രൂപയാണ് ഭക്ഷ്യവിതരണ ഇനത്തിൽ സർക്കാർ നൽകേണ്ടത്. ഭക്ഷ്യവസ്തുക്കൾ വാങ്ങിയതിന് 650 കോടിയും ഓണക്കാല വിപണിയിലേക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങിയതിനുമാത്രം 350 കോടിയും. വിപണി ഇടപെടലിനുള്ള സഹായമായി വാഗ്ദാനംചെയ്ത 1435 കോടിയും ലഭിച്ചില്ല. കിറ്റുവിതരണവകയിൽ 158 കോടി കിട്ടണം. ഇത്രയുംരൂപ കിട്ടാതെ സാധനവില വർധിപ്പിച്ചിട്ടുമാത്രം കാര്യമില്ലെന്ന് സപ്ലൈകോ പറയുന്നു.
Post Your Comments