രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്കായി യുപിഐ ലൈറ്റ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചു. ചെറിയ തുകയുടെ ഡിജിറ്റൽ പേയ്മെന്റുകൾ അനായാസം നടത്തുന്നതിനായാണ് യുപിഐ ലൈറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് യുപിഐ ആപ്പ് വഴി തന്നെ യുപിഐ ലൈറ്റും ഉപയോഗിക്കാനാകും. പിൻ നമ്പർ എന്റർ ചെയ്യാതെ നിശ്ചിത പരിധിക്ക് താഴെയുള്ള ഇടപാടുകൾ വളരെ വേഗത്തിൽ നടത്താൻ സഹായിക്കുന്ന സേവനമാണ് യുപിഐ ലൈറ്റ്.
ഗൂഗിൾപേ, പേടിഎം, ഫോൺപേ തുടങ്ങിയ ആപ്പുകൾ യുപിഐ ലൈറ്റ് സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. പിൻ നമ്പർ ഇല്ലാതെ പരമാവധി 500 രൂപ വരെയാണ് ഒരു ഇടപാടിൽ നടത്താൻ സാധിക്കുക. അത്തരത്തിൽ ഒരു ദിവസം പരമാവധി 4000 രൂപയുടെ വരെ ഇടപാടുകൾ നടത്താൻ കഴിയും. യുപിഐ ലൈറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക 2000 രൂപ വരെയാണ്. ഈ തുക തീരുമ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് യുപിഐ ലൈറ്റിലേക്ക് വീണ്ടും തുക മാറ്റാനാകും. ‘ഫെഡറൽ ബാങ്കുമായി ബന്ധിപ്പിച്ച യുപിഐ ആപ്പുകളിൽ ഈ സേവനം ലളിതമായും വേഗത്തിലും ഉപയോഗിക്കാനാകും’, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.
Also Read: ഇൻഡോ-പസഫിക് എക്കണോമിക് ഫ്രെയിംവർക്ക്: വാണിജ്യ രംഗത്തെ ബന്ധം കൂടുതൽ ദൃഢമാക്കി ഇന്ത്യയും അമേരിക്കയും
Post Your Comments