ഡല്‍ഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയ്ക്ക് നയതന്ത്രതലത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയതായി വിവരം ലഭിച്ചു എന്നും യെമനിലെ നിയമപ്രശ്നമായതിന്റെ പരിമിതിയുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. എങ്കിലും എല്ലാവിധത്തിലും ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, യെമൻ കോടതിയുടെ വധശിക്ഷയ്‌ക്കെതിരെ മലയാളി യുവതി നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതായി കേന്ദ്രസര്‍ക്കാർ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിൽ വ്യക്തമാക്കി.
മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ അമ്മയുടെ അപേക്ഷ കിട്ടിയാല്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments