ഡൽഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി നടപടി ഊര്‍ജ്ജിതമാക്കി ഇന്ത്യ. വധശിക്ഷയ്ക്കെതിരായ അപ്പീല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ഖത്തര്‍ അധികൃതരുമായി ഇന്ത്യ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമ സഹായവും കോണ്‍സുലര്‍ സഹായവും സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുമെന്നും അരിന്ദം ബാഗ്ചി അറിയിച്ചു. ഒക്ടോബര്‍ 26ന് ആണ് എട്ട് ഇന്ത്യക്കാര്‍ക്കും ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
വിധി ഞെട്ടിക്കുന്നതാണെന്നും കേസിലെ എല്ലാ നിയമ സാധ്യതകളും പരിശോധിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചു.
‘ഖത്തറിന്റെ അപ്പീല്‍ കോടതിയില്‍ ഒരു അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ ഞങ്ങള്‍ ഖത്തര്‍ അധികാരികളുമായി ആശയവിനിമയം തുടരുകയാണ്. കൂടാതെ അവര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലാര്‍ സഹായവും ഞങ്ങള്‍ തുടര്‍ന്നും നല്‍കും. കേസിന്റെ സെന്‍സിറ്റീവ് സ്വഭാവം കണക്കിലെടുത്ത് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും വീണ്ടും അഭ്യര്‍ത്ഥിക്കുന്നു’, അരിന്ദം ബാഗ്ചി വ്യക്തമാക്കി.
Post Your Comments