കിഴക്കമ്പലം : കാറിലിരിക്കുകയായിരുന്ന ഒൻപതുവയസ്സുകാരിയെ കളിത്തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ കിഴക്കമ്പലം പാണാപ്പറമ്പത്തുവീട്ടിൽ ആൽബിൻ തോമസി (33) നെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
ബാലിക മുഴുവൻ സംഭവവും മജിസ്ടേറ്റിന് മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് കിഴക്കമ്പലം താമരച്ചാൽ ബൈപ്പാസിലെ വയലോരം ഭാഗത്ത് പിതാവിനോടൊപ്പം എത്തിയതാണ് ബാലിക. കാറിലിരുത്തിയശേഷം കടയിലേക്കുപോയ നേരത്താണ് ബൈക്കിലെത്തിയ യുവാവ് ഭയപ്പെടുത്തിയത്. തുടർന്ന് കൈക്ക് പിടിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഇയാൾ കടന്നുകളഞ്ഞു. ഇയാൾ മാസ്ക്കും ഹെൽമെറ്റും ധരിച്ചിരുന്നു.
പിതാവ് കടയിൽനിന്നെത്തിയപ്പോഴാണ് സംഭവം കുട്ടി പിതാവിനെ അറിയിച്ചത്. സംഭവം അറിഞ്ഞെത്തിയ പോലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞുനടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഇൻസ്പെക്ടർ ആർ മനോജ് കുമാർ, എസ്ഐ പിഎം റാസിഖ്, എ.എസ്.ഐ. സി.എ. ഇബ്രാഹിംകുട്ടി, സീനിയർ സിപി.ഒമാരായ വിഎസ് ആനന്ദ്, സിഎം കരീം, എആർ ജയൻ സിപിഒമാരായ വിപിൻ എൽദോസ്, അരുൺ കെ. കരുൺ, എംഎസ് നൗഫൽ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
Post Your Comments