വർഷാവർഷം ശബരിമല സന്നിധിയിലേക്ക് എത്തിച്ചേരുന്ന അയ്യപ്പ ഭക്തർക്കായി ‘അയ്യൻ’ മൊബൈൽ ആപ്പ് പുറത്തിറക്കി. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനാണ് പ്രകാശനം ചെയ്തത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല-സന്നിധാനം-എരുമേലി-അഴുതക്കടവ്-പമ്പ, സത്രം-ഉപ്പുപാറ-സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ എല്ലാം അയ്യൻ മൊബൈൽ ആപ്പിലൂടെ അറിയാനാകും. കൂടാതെ, അയ്യപ്പന്മാർ പാലിക്കേണ്ട ആചാര മര്യാദകളും, പൊതു നിർദ്ദേശങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സേവനങ്ങൾ ലഭിക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് അയ്യൻ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ, കാനന പാതയുടെ കവാടങ്ങളിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാകും. ഓൺലൈനായും , ഓഫ്‌ലൈനായും ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ് നിർമ്മിച്ചത്.
Also Read: പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ: അയൽവാസി ഒളിവിൽ
ഭക്തർ പ്രത്യേക റൂട്ട് തിരഞ്ഞെടുക്കുന്നതിലൂടെ, അതത് റൂട്ടുകളിലെ മുന്നറിയിപ്പുകൾ വേഗത്തിലും എളുപ്പത്തിലും ആപ്പ് മുഖാന്തരം ലഭിക്കും. കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസസൗകര്യം, എലിഫന്റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങൾ, ഓരോ താവളത്തിൽ നിന്നും സന്നിധാനത്തേക്കുള്ള ദൂരം, ഫയർ ഫോഴ്സ്, പോലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഒരു സ്ഥലത്തുനിന്ന് മറ്റൊരു കേന്ദ്രത്തിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments