ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേരിയ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആരംഭ ഘട്ടം മുതൽ വിവിധ തരത്തിലുള്ള ചാഞ്ചാട്ടങ്ങൾക്ക് ആഭ്യന്തര സൂചികകൾ വിധേയമായിരുന്നു. സെൻസെക്സ് 33 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 64,975-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 36 പോയിന്റ് നേട്ടത്തിൽ 19,443-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. കഴിഞ്ഞ ആഴ്ചകളുമായി താരതമ്യം ചെയ്യുമ്പോൾ ഓഹരി വിപണിയിൽ ഇന്ന് നേരിയ ഉണർവ് ഉണ്ടായിട്ടുണ്ട്. എന്നാൽ, ആഗോള-ആഭ്യന്തര തലങ്ങളിൽ നിന്നുള്ള പോസിറ്റീവ് വാർത്തകളുടെ അഭാവം മിക്ക ഓഹരികളുടെയും ചാഞ്ചാട്ടത്തിനും, ആലസ്യത്തിനും കാരണമായിട്ടുണ്ട്.
ബിഎസ്ഇയിൽ ഇന്ന് 1,991 ഓഹരികൾ നേട്ടത്തിലും, 1,715 ഓഹരികൾ നഷ്ടത്തിലും, 122 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ഫാർമ, റിയൽറ്റി, എഫ്എംസിജി ഓഹരികളിൽ ഉണ്ടായ വാങ്ങൽ താൽപ്പര്യമാണ് ഇന്ന് സൂചികകളെ നേട്ടത്തിലേക്ക് അടുപ്പിച്ച ഘടകം. യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, പുനാവാല കോർപ്, അപ്പോളോ ടയേഴ്സ്, ആൽകെം ലാബ് തുടങ്ങിയവയുടെ ഓഹരികൾ നേട്ടം കൈവരിച്ചു. അതേസമയം, ഭാരത് ഫോർജ്, വോഡഫോൺ ഐഡിയ, എൽഐസി ഹൗസിംഗ് ഫിനാൻസ്, ഗ്ലാൻഡ് ഫാർമ, ദേവയാനി ഇന്റർനാഷണൽ തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.
Post Your Comments