KeralaLatest NewsNews

കണ്ണൂരില്‍ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്: പ്രതി ഒടി രക്ഷപ്പെട്ടു

കണ്ണൂർ: ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രതി പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടം എസ്ഐ നിഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറക്കല്‍ചിറയിലെ ഇയാളുടെ വീട്ടിലെത്തിയത്. രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പൊലീസ് സംഘം മുകള്‍ നിലയിലെത്തി. റോഷന്റെ മുറിയ്ക്ക് മുന്നില്‍ നിന്ന് വാതിലില്‍ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പെട്ടെന്ന് പൊലീസിന് നേരം വെടിയുതിര്‍ത്തത്.

എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഈ സമയം കൊണ്ട് പ്രതി റോഷന്‍ ഓടി രക്ഷപ്പെട്ടു. വെടിയുതിര്‍ത്ത ബാബു തോമസിനെ പിന്നീട് പൊലീസുകാര്‍ കീഴ്‍പ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. തോക്കിന് ലൈസന്‍സുണ്ടെന്ന് പൊലീസ് പറയുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാത്രി തന്നെ സ്ഥലത്തെത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകത്തില്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്. റോഷന് വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button