തിരുവനന്തപുരം- കന്യാകുമാരി ദേശീയപാതയില്‍ മാര്‍ത്താണ്ഡത്തിനടുത്ത് ചരിത്രവും പ്രകൃതി ഭംഗിയും നിറഞ്ഞ ചിതറാൽ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. തിരുച്ചരണാത്തുപള്ളി എന്നാണ് ഈ പ്രദേശത്തിന്റെ ചരിത്രനാമം. ഒമ്പതാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ജൈന ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൈനക്ഷേത്രം ഒരുകാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. 1956ല്‍ സംസ്ഥാനങ്ങളെ ഭാഷാ അടിസ്ഥാനങ്ങളില്‍ വിഭജിച്ചപ്പോള്‍ ചിതറാല്‍ തമിഴ്നാടിന്റെ ഭാഗമായിത്തീര്‍ന്നു.
മലൈകോവില്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഈ ജൈനക്ഷേത്രം വിക്രമാദിത്യ വരഗുണനെന്ന രാജാവിന്റെ കാലത്ത് പണികഴിപ്പിക്കപ്പെട്ടതാണെന്നാണ് ചരിത്ര സൂചന. പാറയില്‍ കൊത്തിയ ധ്യാന നിരതനായ തീര്‍ഥങ്കരന്റെ വിവിധ രൂപങ്ങളും സന്യാസി – സന്യാസിനീ ശില്‍പ്പങ്ങളും ക്ഷേത്രത്തിലുണ്ട്. ഗുഹാ ശില്‍പ്പങ്ങളിലെ ധര്‍മ്മ ദേവതയുടെ ശില്‍പ്പം പ്രസിദ്ധമാണ്. പാറ തുരന്ന് കൊത്തിയെടുത്ത തൂണുകളാണ് ക്ഷേത്രത്തിലെ മറ്റൊരു വിസ്മയം.
രാവിലെ 8:30 മുതല്‍ വൈകിട്ട് 5 മണിവരെയാണ് പ്രവേശനം അനുവദിക്കുന്നത്. ക്ഷേത്രനട 4:30 ന് അടക്കും. ഏകദേശം ഒന്നര കിലോ മീറ്റര്‍ മുകളിലേയ്ക്ക് നടന്ന് വേണം ക്ഷേത്ര പരിസരത്ത് എത്താന്‍. കരിങ്കല്‍പാകിയ വഴിയുടെ ഇരുവശവും ഇരിപ്പിടങ്ങള്‍ ഉണ്ട്. പാറകളാല്‍ ചുറ്റപ്പെട്ട പ്രദേശത്തു കൂടിയാണ് നടപ്പാത കടന്നുപോകുന്നത്. പ്രകൃതി രമണീയമായ കാഴ്ച്കൾ നിറഞ്ഞ ഇവിടേക്ക് ധാരാളം വിനോദ സഞ്ചാരികൾ എത്താറുണ്ട്.
Post Your Comments