Latest NewsKeralaNews

യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോൺ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കവേ 21കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ചാലക്കുടി: ചാലക്കുടിയില്‍ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു. യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോൺ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കുമ്പോൾ തീവണ്ടി തട്ടുകയായിരുന്നു. കാസർഗോഡ് ചെർക്കള തായൽ ഹൗസിലെ മുഹമ്മദിന്റെയും ഹസീനയുടെയും മകൻ അബ്ദുൾബാസിദാ(21)ണ് മരിച്ചത്. സുന്നി ബാലവേദി ജില്ലാ വൈസ് പ്രസിഡന്റും എംഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റുമാണ്.

ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കുമിടയിലെ ആളൂർ മേൽപ്പാലത്തിന് തെക്ക് ഞായറാഴ്ച രാവിലെ 6.15-ഓടെയാണ് അപകടം. തെറിച്ചുവീണ ബാസിദിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോൾ കൂട്ടുകാരായ ആബിദ്, ഉബൈസ്, നെയ്മുദ്ദീൻ, ഷബാഹ് എന്നിവർ കൂടെയുണ്ടായിരുന്നു. അഞ്ചുപേരും കാസർഗോഡ് ചെറക്കുളം ജിഎച്ച്എസ്എസിൽ ഒരുമിച്ചുപഠിച്ചതാണ്.

ചെന്നൈ എഗ്മൂർ-ഗുരുവായൂർ തീവണ്ടിയാണ് യുവാവിനെ തട്ടിയത്. പിന്നിൽനിന്നു വന്ന തീവണ്ടി കണ്ട് മറ്റുള്ളവർ നടുവിലെ പാളത്തിലേക്ക് മാറിയെങ്കിലും ഏറ്റവും പിന്നിലായിരുന്ന ബാസിദ് അപകടത്തിൽപ്പെട്ടു. തെറിച്ചുവീണ യുവാവിനെ കൂട്ടുകാർ ഓട്ടോറിക്ഷയിലാണ് ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചത്. മുഹമ്മദ് തായലിന്റെയും ഹസീനയുടെയും മകനാണ്. സഹോദരങ്ങൾ: അജിനാസ് (വിദ്യാർഥി), മിൻഷാന, അനഫാത്തിമ (വിദ്യാർഥിനി). മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button