ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് തിരുപ്പതി. ആന്ധ്രയിലെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്ന പട്ടണമാണിത്. പ്രസിദ്ധ ക്ഷേത്രമായ തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ആനന്ദനിലയം, കലിയുഗ വൈകുണ്ഠം തുടങ്ങിയ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. ആയിരക്കണക്കിന് ഭക്തരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെയെത്തിച്ചേരാറുള്ളത്.
Read Also: ‘പെറ്റി പിടിക്കാനും മുഖ്യന്റെ മൈക്ക് നോക്കാനും മാത്രമുള്ളതല്ല പോലീസ് സേന’: രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുപ്പതി നഗരത്തിന്റെ ഉയർന്ന ഭാഗമായ തിരുമലയിൽ, വെങ്കടാദ്രിയുടെ നെറുകിലാണ് വെങ്കടേശ്വരക്ഷേത്രം കുടികൊള്ളുന്നത്. അടിവാരത്തുനിന്ന് 21 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രം വരെ. പോകുന്ന വഴിയിൽ ഏഴുമലകൾ കടന്നുപോകണം. ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി എന്നിവയാണ് ഏഴുമലകൾ.
ലക്ഷ്മിനാരായണ സങ്കൽപ്പത്തിലുള്ള ക്ഷേത്രമാണിത്. ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മിക്ക് വെങ്കിടേശ്വരന് തുല്യ പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണിത്. ഭൂദേവി ഇവിടെ ‘പദ്മാവതി’ എന്ന പേരിൽ അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഹൈന്ദവക്ഷേത്രമാണിത്. വിവിധ രൂപങ്ങളിൽ വരുമാനം ഇവിടെയെത്തുന്നുണ്ട്.
ശ്രീവെങ്കടേശ്വര ബ്രഹ്മോത്സവം, പദ്മാവതി തിരുക്കല്യാണം, സ്വർഗ്ഗവാതിൽ ഏകാദശി, രാമനവമി, ശ്രീകൃഷ്ണ ജന്മാഷ്ടമി എന്നിവ ഇവിടുത്തെ വിശേഷ ദിവസങ്ങളാണ്. തിരുമല തിരുപ്പതി ദേവസ്ഥാനം എന്ന സംഘടനയുടെ കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്.
Leave a Comment