ഐഫോൺ നിർമ്മാണ മേഖലയിലേക്കുളള ആദ്യ ചുവടുവെപ്പ് അതിഗംഭീരമാക്കി ടാറ്റ ഗ്രൂപ്പ്. ഇന്ത്യയിലെ വിസ്ട്രോണിന്റെ നിർമ്മാണ യൂണിറ്റാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ടാറ്റ ഗ്രൂപ്പ് ഐഫോൺ നിർമ്മാണം ആരംഭിക്കുന്നതാണ്. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇത് സംബന്ധിച്ച വിവരങ്ങൾ എക്സ് പോസ്റ്റ് മുഖാന്തരം പങ്കുവെച്ചിട്ടുണ്ട്. ഐഫോൺ നിർമ്മാണ മേഖലയിലേക്ക് കടന്നുവരുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് ടാറ്റ ഗ്രൂപ്പ്.
ആഭ്യന്തര, ആഗോള വിപണിയിലേക്കുള്ള ഐഫോണുകളാണ് ടാറ്റ ഗ്രൂപ്പ് നിർമ്മിക്കുക. 2024 വരെ 180 കോടി ഐഫോണുകൾ നിർമ്മിക്കാനുള്ള കരാർ വിസ്ട്രോൺ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതോടെ, വിസ്ട്രോണിന്റെ രാജ്യത്തെ മുഴുവൻ പ്രവർത്തനങ്ങളും ടാറ്റ ഗ്രൂപ്പിന്റെ കീഴിലാകും. ഏകദേശം പതിനായിരത്തിലധികം ജീവനക്കാരാണ് ഇന്ത്യയിലെ വിസ്ട്രോൺ നിർമ്മാണശാലകളിൽ ജോലി ചെയ്യുന്നത്. നിലവിൽ, ഈ നിർമ്മാണശാലകളിൽ പ്രധാനമായും ഐഫോൺ 14 ആണ് നിർമ്മിക്കുന്നത്.
കർണാടകയിലെ വിസ്ട്രോണിന്റെ ഫാക്ടറിയിലെ ഐഫോൺ 15 പ്ലസ്, ഐഫോൺ 12, ഐഫോൺ 12 എസ്ഇ എന്നിവയുടെ നിർമ്മാണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്നതാണ്. തായ്‌വാൻ കമ്പനികളായ വിസ്ട്രോണും ഫോക്സ്കോണുമാണ് ഇന്ത്യയിലെ ആപ്പിളിന്റെ പ്രധാന കരാർ നിർമ്മാതാക്കൾ. ആപ്പിളിനു പുറമേ, വിവിധ ആഗോള സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനികൾ ഇന്ത്യൻ വിപണിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.
Post Your Comments