ഐസ്വാൾ: മിസോറമിൽ ഇത്തവണ ജനവിധി എഴുതുക 8,51,895 വോട്ടർമാർ. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ 13,856 വോട്ടർമാരുടെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 4,12,969 പുരുഷന്മാരും 4,38,925 വനിതകളും ഇത്തവണ വോട്ട് ചെയ്യും.
1275 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ലങ്‌ലായ് ജില്ലയിൽ നിന്ന് ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ട ഒരാൾ പട്ടികയിൽ ഉൾപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇത് സാങ്കേതിക പിഴവാണെന്നും അദ്ദേഹം പുരുഷവോട്ടറാണെന്നും അധികൃതർ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. നിലവിൽ ‘മിസോ നാഷനൽ ഫ്രണ്ട്’ സർക്കാരാണ് മിസോറമിൽ അധികാരത്തിലുള്ളത്. ഈ സർക്കാരിന്റെ കാലാവധി 2023 ഡിസംബറിൽ അവസാനിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ എംഎൻഎഫ് നേടിയിരുന്നു. സോറം പ്യൂപ്പിൾസ് മുവ്മെന്റ് ആറും കോൺഗ്രസ് അഞ്ചും ബിജെപി ഒരു സീറ്റുമാണ് നേടിയത്.
നവംബർ 7നാണ് മിസോറം നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിന് ഫലം വരും. 40 മണ്ഡലങ്ങളിലേക്ക് 174 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 16 സ്ത്രീകളും ഉൾപ്പെടുന്നു. ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടും പ്രധാന പ്രതിപക്ഷ കക്ഷികളായ സോറം പീപ്പിൾസ് മൂവ്മെന്റ്, കോൺഗ്രസ് എന്നിവരും 40 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ 23 സീറ്റുകളിൽ മാത്രമാണ് ബിജെപി സ്ഥാനാർഥികൾ മത്സരിക്കുന്നത്. മിസോറമിൽ 4 സീറ്റുകളിൽ ആംആദ്മി പാർട്ടി മത്സരിക്കുന്നു. 8,56,868 വോട്ടർമാരാണ് മിസോറമിൽ വിധി നിർണയിക്കുന്നത്. അതിൽ 4,38,925 പേർ വനിതകളാണ്.
Post Your Comments