ഐസ്വാൾ: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പു വരുത്താൻ സംസ്ഥാന പൊലീസിനു പുറമെ 5000 സൈനികരെക്കൂടി വിന്യസിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മധൂപ് വ്യാസ്. ഐസ്വാളിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും കമ്മീഷൻ വ്യക്തമാക്കി. 3000 പൊലീസുകാരെയാണ് തിരഞ്ഞെടുപ്പ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് പുറമെയാണ് 5000 സൈനികരെയും വിന്യസിക്കുക. അതിർത്തി രക്ഷാ സേന, കേന്ദ്ര റിസർവ് സേന (സിആർപിഎഫ്), സശാസ്ത്ര സീമാബെൽ എന്നിവയിൽ നിന്നുള്ള 12 സൈനികർ ഉൾപ്പെടുന്ന 450 സെക്ഷനെയാണ് വിന്യസിക്കുന്നത്.
നവംബർ ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയവും പിന്നിട്ടതോടെ 174 പേരാണ് മത്സരരംഗത്തുള്ളത്. 18 വനിതകളും ഇതിൽ ഉൾപ്പെടും. മിസോ നാഷണൽ ഫ്രണ്ട്, സോരാം പീപ്പിൾസ് മൂവ്മെന്റ്, കോൺഗ്രസ് എന്നീ കക്ഷികൾ 40 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
Post Your Comments