Latest NewsIndia

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർഥി എത്തിയത് കഴുതപ്പുറത്ത്

ഇൻഡോർ: ബുർഹാൻപൂർ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത് കഴുതപ്പുറത്ത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പ്രിയങ്ക് സിം​ഗ് താക്കൂർ എന്ന ആളാണ് കഴുതപ്പുറത്ത് തഹസിൽദാർ ഓഫീസിലെത്തിയത്. രാഷ്ട്രീയക്കാർ ജനങ്ങളെ കഴുതകളായി കാണുന്നതിൽ പ്രതിഷേധിച്ചാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കഴുതപ്പുറത്ത് എത്തിയതെന്ന് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു.

ബുർഹാൻപൂരിൽ രണ്ട് മൂന്ന് കുടുംബങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും വികസനം ഇവരുടെ വീട്ടിൽ മാത്രം നടക്കുമ്പോൾ ജനങ്ങൾ വിഡ്ഢികളാകുകയാണെന്നും ഇദ്ദേഹം ആരോപിച്ചു. വികസനം, ദാരിദ്ര്യം, രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളുടെ അഴിമതി എന്നിവയായിരിക്കും തന്റെ പ്രചാരണായുധമെന്നും താക്കൂർ പറഞ്ഞു.

ബുർഹാൻപൂരിൽ നിന്ന് മത്സരിക്കാനായി നേരത്തെ ബിജെപിയുടെ ടിക്കറ്റ് തേടിയിരുന്നു. എന്നാൽ, ബിജെപി ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കഴുതയെ ചിഹ്നമായി തേടിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് ലഭ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ടിക്കറ്റ് നിഷേധിച്ചത് ബിജെപിയുടെ തെറ്റായ തീരുമാനമാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ബിജെപിക്ക് പിന്തുണ നൽകും. എന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രീതി വ്യത്യസ്തമായിരിക്കും. എന്നാൽ ഈ രണ്ട്, മൂന്ന് കുടുംബങ്ങൾക്ക് വോട്ട് ചെയ്യാൻ വോട്ടർമാർ ഇനി വിഡ്ഢികളായി തുടരില്ല എന്ന സന്ദേശം വ്യക്തമാകുമെന്നും താക്കൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button