തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വിഴിഞ്ഞം മുക്കോല മുക്കുവന്‍ കുഴിവീട്ടില്‍ സുഗതന്‍ (47) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം തെന്നൂര്‍ക്കോണം നങ്ങച്ചവിളാകം ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ ആണ് ഇയാള്‍ പിടിയിലായത്. ഇവിടെ നിന്ന് ആറ് നിലവിളക്കുകളും, മൂന്ന് തൂക്കു വിളക്കുകളും മൂന്ന് കാണിക്ക വഞ്ചികള്‍ കുത്തി തുറന്ന് പണവും മോഷണം പോയി.
ക്ഷേത്ര കമ്മിറ്റിക്കാരുടെ പരാതിയില്‍ കേസെടുത്ത വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയില്‍ ഒരു ചാക്കില്‍ വസ്തുക്കളുമായി സുഗതന്‍ ഓട്ടോയില്‍ പോകുന്നത് കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ സുഗതനെ ചോദ്യം ചെയ്തതോടെയാണ് മോഷണം നടത്തിയത് ഇയാള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉച്ചക്കടയിലെ ഒരു ആക്രിക്കടയില്‍ വിറ്റ മോഷണ വസ്തുക്കള്‍ തെളിവെടുപ്പിനിടെ പൊലീസ് വീണ്ടെടുത്തു. വിഴിഞ്ഞം സ്റ്റേഷനിലെ എസ്‌ഐ വിനോദ്, ക്രൈം എസ്‌ഐ ഹര്‍ഷകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
Post Your Comments