നികുതിവെട്ടിപ്പ് കണ്ടെത്തിയതോടെ ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കെതിരെ കർശന നടപടിയുമായി ജിഎസ്ടി വകുപ്പ്. നിലവിൽ, ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് ഒരു ലക്ഷം കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസാണ് അധികൃതർ നൽകിയിരിക്കുന്നത്. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിൽ നടത്തുന്ന വാതുവെയ്പ്പുകളുടെ മുഴുവൻ മൂല്യത്തിനും 28 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ജിഎസ്ടി കൗൺസിൽ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ, ഇന്ത്യയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വിദേശ ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ നിർബന്ധമായും രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. ഒക്ടോബർ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിലായത്. എന്നാൽ, 3 ആഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു വിദേശ ഗെയിമിംഗ് കമ്പനികൾ പോലും രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയിട്ടില്ല.
ഇത്തരത്തിൽ ജിഎസ്ടി വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഗെയിമിംഗ് കമ്പനികൾക്കെതിരെ കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഡ്രീം11, കാസിനോ അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഡ്രീം11 ഓൺലൈൻ ഗെയിമിംഗ് കമ്പനിക്ക് 25,000 കോടി രൂപയിലധികമാണ് ജിഎസ്ടി നോട്ടീസ് അയച്ചത്. ഇത് രാജ്യത്തെ ഏറ്റവും വലിയ തുകയുടെ പരോക്ഷ നികുതി നോട്ടീസാണ്. അതേസമയം, ഡെൽറ്റ കോർപ്പറേഷൻ വലിയ തുകയാണ് നികുതി ഇനത്തിൽ അടയ്ക്കേണ്ടത്. 6,384 കോടി രൂപയാണ് ജിഎസ്ടി നോട്ടീസ് ലഭിച്ചതെങ്കിലും, ഇതിനുമുൻപ് 16,800 കോടി രൂപയുടെ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നു. ഇതോടെ, കമ്പനി മൊത്തം അടയ്ക്കേണ്ട നികുതി ഏകദേശം 23,000 കോടി രൂപയ്ക്ക് മുകളിലാണ്.
Also Read: അല്‍ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ ഭാര്യയും മക്കളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
Post Your Comments