ഗാസയില്‍ ബുധനാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടു.സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യത്തില്‍ നിന്ന് ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അല്‍ ജസീറ ഗാസ ബ്യൂറോ ചീഫ് വെയ്ല്‍ അല്‍ ദഹ്ദൂഹിന്റെഭാര്യയും മകളും മകനുമാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഭാര്യയുടെയും മകളുടെയും മകന്റെയും മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന അല്‍ ജസീറ ഗാസ ബ്യൂറോ ചീഫ് വെയ്ല്‍ അല്‍ ദഹ്ദൂഹിന്റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു. മധ്യ ഗാസയിലെ നുസീറത് പട്ടണത്തിലാണ് [ആക്രമണം ഉണ്ടായത്. നുസീറത്തിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയായിരുന്നു വ്യോമാക്രമണം. യാര്‍മൗകിലും അഭയാര്‍ത്ഥി ക്യാമ്പുകള്‍ ആക്രമിക്കപ്പെട്ടു.
ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം അമേരിക്ക തള്ളിക്കളഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന നീക്കം ഹമാസിനെ സഹായിക്കുമെന്നാണ് യുഎസ് നിലപാട്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ നടത്തിയ തുറന്ന സംവാദത്തിലാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് ഹമാസിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇസ്രയേലിന് നേരെയുള്ള ആക്രമണം കൂടാൻ ഇടയാക്കുമെന്നും യുഎസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഗാസിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന യുഎന്നിന്റെയും യൂറോപ്യൻ യൂണിയന്റെയും നിലപാടുകള്‍ക്ക് എതിരാണ് അമേരിക്കയുടെ വാദം.
അതേസമയം യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെതിരെ ഇസ്രയേല്‍ രംഗത്തെത്തി. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാൻ യോഗ്യനല്ല എന്നാണ് ഇസ്രയേലിന്റെ വിമര്‍ശനം. ഇസ്രയേല്‍ പൗരന്മാര്‍ക്കും ജൂതജനങ്ങള്‍ക്കും നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളില്‍ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നു.
Post Your Comments