ന്യഡെൽഹി: ഖത്തറിൽ അൽദഹ്റയിൽ ജോലിക്കായി പോയ എട്ട് ഇന്ത്യൻ പൗരന്മാർക്ക് വധശിക്ഷ വിധിച്ച സംഭവത്തിൽ അതീവ പ്രാധാന്യത്തോടെ ഇടപെടുമെന്ന് ഇന്ത്യ. എട്ട് പേരുടെയും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്നും ആവശ്യമായ നിമയസാധ്യതകൾ തേടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
‘സംഭവത്തിന് അതിയായ പ്രധാന്യം നൽകുന്നു. കൂടാതെ, വിശദമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഖത്തറുമായി ഇതേക്കുറിച്ച് സംസാരിക്കും’- പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥരായ ഇവർ 2022 ഓഗസ്റ്റ് മുതൽ ഇവർ ഖത്തർ അധികൃതരുടെ കസ്റ്റഡിയിലായിരുന്നു. ഇവർക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്തെന്ന് വ്യക്തമാക്കാതെയാണ് ഇവരെ തടവിലാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. രാജ്യത്തെ സായുധ സേനയ്ക്ക് പരിശീലനം നൽകുന്ന സ്വകാര്യ സ്ഥാപനമായ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. പ്രധാന ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ കമാൻഡർമാരും ഈ എട്ടുപേരിൽ പെടുന്നു. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ശിക്ഷ വിധിക്കപ്പെട്ട എട്ടു പേർ. ദോഹയിൽ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കേസിലെ ഏഴാമത്തെ വാദം ഒക്ടോബർ മൂന്നിനാണ് നടന്നത്. ഈ മാസം വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാരവൃത്തി ആരോപിച്ചാണ് ഇവരെ തടവിലാക്കിയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇരു സർക്കാരുകളും ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.
Post Your Comments