CinemaMollywoodLatest NewsKeralaNewsEntertainment

പീഡന കേസിൽ അകപ്പെട്ട ഷിയാസ് കരീമിനെ വരെ നിങ്ങൾ ആനയിച്ചിരുത്തി, വിനായകനോട് മാത്രം പുച്ഛം: പോലീസിനെതിരെ വൈറൽ കുറിപ്പ്

കൊച്ചി: നടന്‍ വിനായകന്‍ എറണാകുളത്ത് പോലീസ് സ്‌റ്റേഷനില്‍ ബഹളം വയ്ക്കുന്നതും പോലീസുകാരോട് ഉച്ചത്തില്‍ സംസാരിക്കുന്നതുമായ വീഡിയോ കഴിഞ്ഞ രാത്രി മുതല്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിനെതിരെ പോലീസ് കേസടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. വൈറലായ വീഡിയോയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത് പോലീസാണെന്ന് വ്യക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജംഷിദ് പള്ളിപ്രം എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

മഫ്ത്തിയിൽ വന്ന പോലീസുകാരിയോട് ഐഡി ചോദിച്ചതാണ് പ്രശ്നം. വിനായകന്റെ ചോദ്യത്തെ പോലീസ് നേരിടുന്ന രീതിയും പോലീസിന്റെ അലർച്ചയും കയ്യേറ്റ ശ്രമവും വീഡിയോയിൽ വ്യക്തമായി കാണാം. വിനായകന്റെ ജാതിയാണോ പ്രശ്നമെന്ന് ചോദിച്ച് ചിലരൊക്കെ പരിഹാസവുമായി വരുന്നുണ്ടെന്നും വിനായകന്റെ ജാതി തന്നെയാണ് നിങ്ങൾക്ക് പ്രശ്നമെന്നും ജംഷിദ് ചൂണ്ടിക്കാട്ടുന്നു. പരാതിയുമായി സ്റ്റേഷനിലേക്ക് വരുന്ന മമ്മൂട്ടിയേയോ മോഹൻലാലിനെയോ ജയറാമിനെയോ നിങ്ങൾ ഇങ്ങനെയല്ല സ്വീകരിക്കുക എന്ന് ഞങ്ങൾക്കറിയാമെന്നും പോലീസിനെ വിമർശിച്ച് അദ്ദേഹം പറയുന്നു. പീഡന പരാതിയിൽ സ്റ്റേഷനിലേക്ക് വന്ന ഷിയാസ് കരീമിനെ വരെ പോലീസുകാർ ആനയിച്ചിരുത്തിയതാണെന്നും സൗത്ത് ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുന്ന ഒരു നടനോട് ഉച്ചത്തിൽ വളരെ പുച്ഛത്തോടെ നീ ആരാടാ എന്ന് പോലീസ് ചോദിക്കുന്നുണ്ടെങ്കിൽ പോലീസിന്റെ ആ അലർച്ച വിനായകന്മാരോട് മാത്രം ഉയരുന്നതാണ് എന്നും ജംഷിദ് പറയുന്നു.

ജംഷിദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പോലീസ് സ്റ്റേഷനിൽ നിന്നുള്ള വിനായകന്റെ വീഡിയോ ആരെങ്കിലും കണ്ടോ.
സമാധാനപരമായി നടക്കുന്ന ഒരു സംഭാഷണത്തിനിടെ ആദ്യം ഷൗട്ട് ചെയ്തു സംസാരിക്കുന്നത് പോലീസാണ്. പോലീസുകാരൻ ഷൗട്ട് ചെയ്തപ്പോൾ വിനായകൻ ചോദിച്ചു:
“ഞാൻ ഒരാളെ മോശമായി പറഞ്ഞു എന്ന പരാതിയിൽ എന്റെ ഫോൺ പോലീസ് കട്ടോണ്ട് പോയി. ശേഷം ഞാനൊരു പരാതി തന്നല്ലോ നിങ്ങൾ പ്രതിയുടെ ഫോൺ എടുത്തോണ്ട് പോയോ..? ”
പോലീസുകാരന് ഉത്തരമില്ല. കട്ടോണ്ട് പോയതാണോ എന്ന് തിരുത്തിക്കുകയാണ്.
” ആ ഓക്കെ പോലീസ് എടുത്തോണ്ട് പോയി. ഞാനൊരു പരാതി തന്നല്ലോ നിങ്ങൾ അയാളുടെ ഫോൺ എടുത്തോണ്ട് പോയോ..? ”
പിന്നേം പോലീസിന് ഉത്തരമില്ല.
” ആ കേസിൽ ഞാന്‍ നാളെ വരാം. ഇപ്പൊ അതിനല്ല വന്നത് ”
പോലീസുകാരൻ ഉച്ചത്തിൽ:
” നീ എന്തിന് ഇപ്പൊ ഇങ്ങോട്ട് വന്നത് ”
” ഞാൻ വന്നത് വീട്ടിലേക്കല്ല. പോലീസ് സ്റ്റേഷനിലേക്കാണ് വന്നത്. എന്റെ പോലീസ് സ്റ്റേഷനിലാണ്. ”
” ഹാ ഇപ്പൊ എന്തിന് വന്നേ..?”
” എന്റെ വീട്ടിലേക്ക് വന്ന പെണ്ണ് ആരാണെന്ന് എനിക്കറിയണം.”
പോലീസുകാരന് ഉത്തരമില്ല. വിനായകനോട് ചോദിക്കുന്നു:
” ആരാ വന്നത്.? ”
” എന്നോടാണോ ചോദിക്കുന്നത്. അവരോട് ചോദിക്ക്. ”
പോലീസുകാരൻ കോൺസ്റ്റബൾസിനോട് കാര്യം തിരക്കുന്നു.
വിനായകൻ മാറി നടന്നപ്പോൾ പോലീസുകാരൻ കൈകൊണ്ട് അടുത്തേക്ക് വിളിച്ച് വീണ്ടും കയർത്തുകൊണ്ട്:
” നിക്ക് നിക്ക് വനിത പോലീസിനോട് മോശമായി പെരുമാറിയത് എന്തിനാ ”
വിനായകൻ തിരിച്ചുവരുന്നു. പോലീസുകാരൻ വിനായകന്റെ നെഞ്ചിൽ കൈവെച്ച് തള്ളുന്നു.
” ഞാൻ ഒന്നും പറഞ്ഞില്ല. എന്റെ വീട്ടിൽ വന്ന പെൺകൊച്ചിനോട് നിങ്ങളാരാണെന്ന് ചോദിച്ചപ്പോൾ അവര് പോലീസാണെന്ന് പറഞ്ഞു. ഞാന്‍ ഐഡി കാണിക്കാൻ പറഞ്ഞു. അവരുടെ കയ്യിൽ ഐഡിയില്ല.”
പോലീസുകാരൻ ഷൗട്ട് ചെയ്തുകൊണ്ട്:
” നീ ആരാടാ നിന്നെ ഐഡി കാണിക്കാൻ ”
” എനിക്കറിയണ്ടേ ഞാനൊരു പൗരനാണ്. ”
പോലീസുകാരൻ വീണ്ടും വിനായകന്റെ ഷർട്ടിൽ കയറി പിടിക്കാൻ ശ്രമിക്കുന്നു.
” എന്തുപ്രശ്നം വന്നാലും ഈ സ്റ്റേഷനിൽ വന്നുപറയാൻ സാറാണ് പറഞ്ഞത് ”
” വന്നിട്ട് പോലീസിനെ വെല്ലുവിളിക്കാൻ നീ ആരാ ”
” വെല്ലുവിളിച്ചതല്ല ഞാന്‍ ചോദ്യങ്ങളാണ് ചോദിക്കുന്നത്. ”
” നീ ചോദിക്കാൻ നിന്റെ വീട്ടിലെ വേലക്കാരല്ല അവര്. ”
” അതെനിക്ക് മനസ്സിലായി അതുകൊണ്ടാണ് ചോദിച്ചത്. ആരാണ്..? എന്റെ വീട്ടിൽ വന്ന പെൺകൊച്ച് ആരാണെന്ന് അറിയണം.”
” ഇവിടെത്തെ വനിത പോലീസാണ്. ”
” അതിന് വനിത പോലീസാണെന്ന് ഐഡി കാണിക്കണം. ”
ഈ സംഭഷണം മുഴുവൻ കേട്ടുനോക്കുക. മഫ്ത്തിയിൽ വന്ന പോലീസുകാരിയോട് ഐഡി ചോദിച്ചതാണ് പ്രശ്നം.
ആ ചോദ്യത്തെ പോലീസ് നേരിടുന്ന രീതിയും പോലീസിന്റെ അലർച്ചയും കയ്യേറ്റ ശ്രമവും വ്യക്തമായി കാണാം.
വിനായകന്റെ ജാതിയാണോ പ്രശ്നമെന്ന് ചോദിച്ച് ചിലരൊക്കെ പരിഹാസവുമായി വരുന്നുണ്ട്. വിനായകന്റെ ജാതി തന്നെയാണ് നിങ്ങൾക്ക് പ്രശ്നം.
പരാതിയുമായി സ്റ്റേഷനിലേക്ക് വരുന്ന മമ്മൂട്ടിയേയോ മോഹൻലാലിനെയോ ജയറാമിനെയോ നിങ്ങൾ ഇങ്ങനെയല്ല സ്വീകരിക്കുക എന്ന് ഞങ്ങൾക്കറിയാം.
എന്തിന്, പീഡന പരാതിയിൽ സ്റ്റേഷനിലേക്ക് വന്ന ഷിയാസ് കരീമിനെ വരെ നിങ്ങൾ ആനയിച്ചിരുത്തുന്നത് ഞങ്ങൾ കണ്ടതാണ്.
സൗത്ത് ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുന്ന ഒരു നടനോട് ഉച്ചത്തിൽ വളരെ പുച്ഛത്തോടെ നീ ആരാടാ എന്ന് പോലീസ് ചോദിക്കുന്നുണ്ടെങ്കിൽ പോലീസിന്റെ ആ അലർച്ച വിനായകന്മാരോട് മാത്രം ഉയരുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button