പാലക്കാട്: കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്വപ്ന പദ്ധതിക്ക് പച്ചക്കൊടി വീശാൻ ബി.ജെ.പി തയ്യാറാകുമെന്ന് സൂചന. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന്റെ എയിംസ് എന്ന സ്വപ്നം സാക്ഷാത്കരണത്തിനുള്ള കേന്ദ്ര പ്രഖ്യാപനം സാധ്യമാക്കാനുള്ള ചർച്ചകളിലാണ് കേരളാ ബി.ജെ.പി. കേരളത്തില്‍ എയിംസ് അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണയിലുള്ളതുകൊണ്ട് തന്നെ സ്ഥലം കണ്ടെത്തി കാത്തിരിപ്പിലാണ് സംസ്ഥാനസർക്കാർ.
കേരളത്തിലെ പലസ്ഥലങ്ങളും പരിഗണനയിൽ ഉണ്ടെങ്കിലും പാലക്കാടിന് എയിംസ് എന്ന ആവശ്യവുമായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. നേരത്തെ പ്രഖ്യാപനം വന്നതിനുപിന്നാലെ പാർട്ടിതലത്തിൽ ബി.ജെ.പി.യുടെ പാലക്കാട് ജില്ലാഘടകമാണ് എയിംസ് പാലക്കാട്ടേക്ക് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രിയെ ആദ്യം സമീപിച്ചത്. ആവശ്യത്തോട് സംസ്ഥാന നേതൃത്വത്തിനും എതിർപ്പുണ്ടായിരുന്നില്ല. അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങളും ജില്ലയിൽ മികച്ച സർക്കാർ ആശുപത്രികളുടെ അഭാവവുമാണ് ചൂണ്ടിക്കാട്ടിയത്.
തെരഞ്ഞെടുപ്പിനുമുമ്പ് കേന്ദ്രസർക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളിലാണ് ഇപ്പോഴത്തെ പ്രതീക്ഷ. ജില്ലയിലെ നേതാക്കളാണ് ഇപ്പോഴത്തെ നീക്കത്തിനും മുൻകൈയെടുത്തിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ വീണ്ടും കേന്ദ്രമന്ത്രിമാരെ കാണുമെന്നാണ് സൂചന. ഇതോടൊപ്പം സ്ഥലം കണ്ടെത്താൻ കഞ്ചിക്കോട്, മേനോൻപാറയുടെയും യാക്കരയുടെയും സമീപപ്രദേശങ്ങൾ ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തി. പാലക്കാടിന്റെ ഭൂപ്രകൃതിയും സാമൂഹിക ചുറ്റുപാടുകളും കണക്കിലെടുത്ത് പദ്ധതിക്ക് പാലക്കാട് അനുയോജ്യമായ സ്ഥലമായി കേന്ദ്രസർക്കാർ നേരത്തെതന്നെ കണ്ടെത്തിയിരുന്നതായാണ് വിവരം. എന്നാൽ, സ്ഥലം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനായതിനാൽ തന്നെ എതിർപ്പുണ്ടാകില്ലെന്നാണ് സൂചന.
Post Your Comments