ശരീരത്തിൽ മുറിവേൽക്കാത്തവരായി ആരു തന്നെ ഉണ്ടാവില്ല. ഒരു മുറിവുണ്ടായാൽ നിങ്ങൾ ആദ്യം എന്താണ് ചെയ്യുക? വെള്ളം ഉപയോഗിച്ച് കഴുകി മുറിവിനുള്ള മരുന്ന് വെയ്ക്കും. ചിലർ അതു പോലും ചെയ്യില്ല. വലിയ മുറിവല്ലെങ്കിൽ ആരും തന്നെ ആശുപത്രിയിലും പോകില്ല. എന്നാൽ ചെറിയ മുറിവുകളെ പോലും നിസാരമായി കാണുന്നത് അപകടം ക്ഷണിച്ചു വരുത്തും. മുറിവ് ഉണ്ടായാൽ എന്തിനാണ് ഡോക്ടാർമാർ ടി.ടി എടുക്കണം എന്ന് പറയുന്നത് എന്നറിയാമോ? ടി.ടിയുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ;
1. കൃത്യമായി പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവർക്കും (Immunized) അഞ്ചുവർഷത്തിനുള്ളിൽ ടെറ്റനസ് വാക്സിൻ ബൂസ്റ്റർ എടുത്തിട്ടുള്ളവർക്കും മുറിവുണ്ടായാൽ ടി.ടി. ഇൻജക്ഷൻ എടുക്കേണ്ടതില്ല.
2. കൃത്യമായ പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവരിൽ അഞ്ചിനും പത്തിനും വർഷങ്ങൾക്കിടയിൽ ടെറ്റനസ് വാക്സിൻ ബൂസ്റ്റർ എടുത്തിട്ടുള്ളവർക്ക് വൃത്തിയുള്ള മുറിവുണ്ടായാൽ ടി.ടി. ഇൻജക്ഷൻ എടുക്കേണ്ടതില്ല. എന്നാൽ മുറിവ് വൃത്തിഹീനം ആണെങ്കിൽ ടി.ടി. എടുക്കുക തന്നെ വേണം.
3. കൃത്യമായി പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവരിൽ ടി.ടി. എടുത്തിട്ട് പത്ത് വർഷത്തിന് മുകളിലായാൽ, മുറിവുണ്ടായാൽ ടി.ടി. ഇൻജക്ഷൻ എടുക്കണം.
4. കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാത്തവർക്കും (Unimmunized) പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിച്ചോ ഇല്ലയോ എന്നുള്ളതിനെ കുറിച്ച് അറിയാത്തവർക്കും മുറിവുണ്ടായാൽ ടി.ടി. കുത്തിവെപ്പ് എടുക്കണം. ഇത്തരക്കാരിൽ മുറിവ് വൃത്തിഹീനമാണെങ്കിൽ ടെറ്റനസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി സ്വീകരിക്കേണ്ടിവരും.
5.മുറിവുണ്ടായാൽ ഡോക്ടറെ കാണിക്കുക. മുറിവു പഴുക്കാതിരിക്കാൻ വേണ്ടിയുള്ള കുത്തിവെപ്പല്ല ടി.ടി; അപകടകരമായ ടെറ്റനസ് ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ കുത്തിവെപ്പാണ്.
Post Your Comments