വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെയും പ്രധാനമന്ത്രി മോദിക്കെതിരെയും പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന് ആരോപിച്ച് വ്യവസായി ദർശൻ ഹീരാനന്ദനിയുടെ സത്യവാങ്മൂലം ലഭിച്ചതായി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി. എംപിയുടെ പാർലമെന്ററി ലോഗിൻ ഉപയോഗിക്കുന്നത് കുറ്റകരമായതിനാൽ വിഷയം സമഗ്രമായി അന്വേഷിക്കുമെന്ന് പാനൽ മേധാവി വിനോദ് സോങ്കർ പറഞ്ഞു.
‘മഹുവ മൊയ്‌ത്രയുമായി ബന്ധപ്പെട്ട ഒരു പരാതി ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 26ന് എത്തിക്‌സ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 26ന് സമിതിക്ക് മുന്നിൽ ഹാജരാകാൻ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്ക് നോട്ടീസ് അയച്ചു. ഈ വിഷയത്തിൽ സമിതി വിശദമായ പരിശോധന നടത്തി നിഗമനത്തിലെത്തും,’സോങ്കർ പറഞ്ഞു.
‘എംപിയുടെ ലോഗിൻ അനധികൃതമായി ഉപയോഗിക്കുന്നത് വളരെ ഗുരുതരമായ കുറ്റമാണ്. പരാതിക്കാരോട് തെളിവുമായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 26 ന് ഞങ്ങൾ എല്ലാ തെളിവുകളും പരിശോധിക്കും” സോങ്കർ പറഞ്ഞു. പാർലമെന്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാകും ഇങ്ങനെ ഒരു കാര്യം സംഭവിക്കുന്നത്. ഇത് വളരെ ഗൗരവമേറിയ കേസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊയ്ത്രയുടെ പാർലമെന്ററി ലോഗിൻ ഉപയോഗിച്ച് അദാനിയെ ലക്ഷ്യമിട്ട് ചോദ്യങ്ങൾ ഉന്നയിച്ചതായി ഹീരാനന്ദനി സമ്മതിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.അടുത്തിടെ വരെ മൊയ്ത്ര ലോക്‌സഭയിൽ ചോദിച്ച 61 ചോദ്യങ്ങളിൽ 50 ഉം അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെന്നും ലോക്‌സഭാ സ്പീക്കർക്ക് അയച്ച കത്തിൽ നിഷികാന്ത് ദുബെ അവകാശപ്പെട്ടു.
എന്നാൽ, ദുബെയും നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മാധ്യമ സ്ഥാപനങ്ങളും തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് ടിഎംസി എംപി ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Post Your Comments