സംസ്ഥാനത്ത് കേരള ചിക്കൻ പദ്ധതിക്ക് സ്വീകാര്യത വർദ്ധിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2019 മാർച്ച് മുതൽ ഇതുവരെ 208 കോടി രൂപയുടെ വിറ്റുവരവാണ് കേരള ചിക്കൻ നേടിയിരിക്കുന്നത്. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മുഖേനയാണ് കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നത്. പ്രതിദിനം ശരാശരി 25000 കിലോ കോഴിയിറച്ചിയാണ് ഔട്ട്ലെറ്റുകൾ മുഖാന്തരം വിറ്റഴിക്കുന്നത്.
പൊതുവിപണിയെ അപേക്ഷിച്ച് വിലക്കുറവും ഗുണനിലവാരവുമാണ് കേരള ചിക്കന്റെ പ്രധാന പ്രത്യേകത. അതിനാൽ, ചുരുങ്ങിയ കാലയളവിനുളളിലാണ് മികച്ച സ്വീകാര്യത നേടിയത്. ഉപഭോക്താക്കൾക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് സ്ഥിര വരുമാനം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിൽ മാത്രമാണ് കേരള ചിക്കൻ പദ്ധതിയുടെ സേവനങ്ങൾ ലഭിച്ചിരുന്നത്. നിലവിൽ, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കും ഇവ വ്യാപിപ്പിച്ചു. ഈ വർഷം കണ്ണൂരിലും പദ്ധതി ആരംഭിക്കുന്നതാണ്. പദ്ധതിയിൽ അംഗമായ കോഴികർഷകർക്ക് രണ്ട് മാസത്തിലൊരിക്കൽ ശരാശരി 50,000 രൂപ വരെയാണ് വളർത്തുകൂലിയായി ലഭിക്കുന്നത്. ഇതുവരെ കുടുംബശ്രീ കർഷകർക്ക് 19.68 കോടി രൂപ നൽകിയിട്ടുണ്ട്
Post Your Comments