രാജ്യത്ത് നികുതി വെട്ടിപ്പുകൾ ക്രമാതീതമായി ഉയർന്നതോടെ പഴുതുകൾ അടച്ച അന്വേഷണത്തിന് ഒരുങ്ങി ജിഎസ്ടി വകുപ്പ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് ഇതുവരെ 1.3 ലക്ഷം കോടിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനു പുറമേ, നിരവധി വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അപേക്ഷകളും പിടികൂടിയിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തിയ ഡാറ്റ അനാലിസിസിലൂടെയാണ് വിദഗ്ധസംഘം നികുതി വെട്ടിപ്പുകാരെ കണ്ടെത്തിയിരിക്കുന്നത്. നികുതി വെട്ടിപ്പുകളുടെ എണ്ണം ഉയർന്നതോടെ കർശന നടപടികൾ സ്വീകരിക്കാൻ ജിഎസ്ടി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾ അറിയാതെ അവരുടെ രേഖകൾ ഉപയോഗിച്ചാണ് പലരും തട്ടിപ്പ് നടത്തിയിരിക്കുന്നത്. ജോലി, കമ്മീഷൻ ഇടപാട്, ബാങ്ക് ലോൺ എന്നിവ വാഗ്ദാനം ചെയ്താണ് മിക്ക ആളുകളിൽ നിന്നും വ്യക്തിഗത രേഖകൾ സ്വന്തമാക്കുന്നത്. കെവൈസി രേഖകൾ ലഭിക്കുന്നതോടെ നികുതി വെട്ടിപ്പുകൾക്ക് തുടക്കമാകും. നടപ്പു സാമ്പത്തിക വർഷം ഇത്തരത്തിൽ 14,000 കോടി രൂപയുടെ 1,040 വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റുമായി ബന്ധപ്പെട്ട കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സംഭവത്തിൽ 91 പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
ജിഎസ്ടി കുടിശ്ശിക വരുത്തിയ നിരവധി കമ്പനികൾക്ക് കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് ജിഎസ്ടി ഇന്റലിജൻസ് നോട്ടീസ് അയച്ചിട്ടുണ്ട്. നിരവധി കമ്പനികളാണ് ജിഎസ്‌സി കുടിശ്ശിക വരുത്തിയിട്ടുള്ളത്. അതേസമയം, ഇടപാടുകളുടേയും ഉൽപ്പന്നങ്ങളുടേയും മൂല്യവർദ്ധനവിന്റെ ഓരോ ഘട്ടത്തിലും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ, ഏജൻസികളുടെ നിരീക്ഷണത്തിൽ നിന്ന് നികുതി വെട്ടിപ്പുകാർക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
Post Your Comments