ചോദ്യത്തിന് കോഴ; അദാനിയെ ചോദ്യം ചെയ്യാൻ മഹുവ അവരുടെ പാർലമെന്റ് ലോഗിൻ ഐ.ഡി നൽകിയെന്ന് വ്യവസായിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെ ചോദ്യം ചെയ്യാൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര തനിക്ക് പാർലമെന്റ് ലോഗിൻ ഐഡി നൽകിയെന്ന് വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ വെളിപ്പെടുത്തൽ. ഹിരാനന്ദാനി ഗ്രൂപ്പ് മേധാവിയിൽ നിന്ന് പണവും ആനുകൂല്യങ്ങളും സ്വീകരിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് മഹുവയ്ക്ക് തിരിച്ചടിയായി പുതിയ വെളിപ്പെടുത്തൽ. ആരോപണത്തിന് പിന്നാലെ എം.പിയെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന ബി.ജെ.പിയുടെ ആവശ്യങ്ങൾക്കെതിരെ പോരാടുകയാണ് നിലബിൾ മഹുവ.

തൃണമൂൽ എം.പി ആധിപത്യവും അതിമോഹവുമുള്ള ആളായിരുന്നുവെന്ന് ഹിരാനന്ദാനി പറഞ്ഞു.ചോദ്യങ്ങൾക്ക് കോഴ വാങ്ങിയെന്ന് കഴിഞ്ഞ ദിവസമാണ് ആരോപണമുയർന്നത്. വിവിധ ആനുകൂല്യങ്ങൾക്കായി മഹുവ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ബി.ജെ.പിക്ക് പിന്നാലെ അദാനി ഗ്രൂപ്പും മഹുവ മൊയിത്ര എം.പിക്കെതിരെ രംഗത്തെത്തിയിരുന്നു. വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു.

വ്യവസായി ദർശൻ ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങി വ്യവസായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചോദ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചുവെന്നാണ് മഹുവ മൊയിത്രക്കെതിരെ ബിജെപി ആരോപണം. കേന്ദ്രസർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിന്റെ നിഴലിൽ നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് രണ്ട് കോടിയോളം രൂപ മഹുവ കൈപ്പറ്റി, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും, ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവക്ക് നൽകിയെന്നും ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് പരാതി നല്‍കി ആരോപിച്ചു.

Share
Leave a Comment