Latest NewsInternational

ഗാസ ആശുപത്രിയിലെ റോക്കറ്റ് ആക്രമണം: തങ്ങളല്ല, ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി പതിച്ചതെന്ന് ഇസ്രായേൽ

ഗാസ സിറ്റി: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം. സെൻട്രൽ ഗാസയിലെ അലി അറബ് ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അഞ്ഞൂറോളം പേർ സംഭവത്തിൽ കൊല്ലപ്പെട്ടതായിട്ടാണ് ഹമാസ് നേതൃത്വം പുറത്തുവിട്ട റിപ്പോർട്ട്. ആക്രമണത്തിന് ശേഷം ജോർദ്ദാൻ, തുർക്കി, ഈജിപ്ത്, സൗദി തുടങ്ങിയ രാജ്യങ്ങൾ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ വിശദീകരണം.

ഹമാസ് ഭീകരരുടെ റോക്കറ്റുകൾ ലക്ഷ്യം തെറ്റി പതിച്ചതാകാമെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇസ്രായേൽ പ്രതിരോധ സേനയുടെ ഓപ്പറേഷണൽ സംവിധാനങ്ങൾ വിശകലനം ചെയ്ത ശേഷമാണ് പ്രതികരണമെന്നും ഇസ്രായേൽ പ്രതിരോധ സേനാ വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി വിശദീകരിച്ചു. പരിശോധനകളിൽ ഗാസയിൽ ഹമാസ് ഭീകരർ തൊടുത്തുവിട്ട റോക്കറ്റുകൾ ആശുപത്രിക്ക് സമീപത്ത് കൂടി കടന്നുപോയതായി മനസിലാകുന്നുണ്ടെന്നും ഡാനിയൽ ഹഗാരി വീഡിയോ പ്രതികരണത്തിൽ വ്യക്തമാക്കി.

വിവിധ സ്രോതസുകളിൽ നിന്നുളള രഹസ്യാന്വേഷണ വിവരങ്ങളും ഇതു തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹമാസിന്റെ റോക്കറ്റാക്രമണം ഗാസയിലെയും ഇസ്രായേലിലെയും സാധാരണക്കാർക്ക് ഭീഷണിയാണെന്ന കാര്യം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുളളതാണെന്നും സൈന്യം വിശദീകരിക്കുന്നു. ആക്രമണം തുടങ്ങിയ ഒക്ടോബർ ഏഴിന് ശേഷം ഹമാസ് തൊടുത്തുവിട്ട 450 ഓളം റോക്കറ്റുകളാണ് ലക്ഷ്യം തെറ്റി ഗാസയിൽ തന്നെ പതിച്ചത്.

ഹമാസിന്റെ റോക്കറ്റുകൾ ഗാസയിൽ തന്നെ പതിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളും ലഭ്യമാണെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നു. അതേസമയം, ആശുപത്രിയിൽ ആക്രമണം നടത്തിയത് ഗാസയിലെ ക്രൂരൻമാരായ ഭീകരരാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു. നിഷ്‌കളങ്കരായ കുട്ടികളെപ്പോലും ലക്ഷ്യമിടുന്നവരാണ് ഗാസയിലെ ഭീകരരെന്നും നെതന്യാഹു ആരോപിച്ചു. സംഭവത്തിൽ പങ്കില്ലെന്ന് ഇസ്രായേലി പ്രസിഡന്റ് ഇസാഖ് ഹെർസോഗും വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button