ലോകകപ്പില്‍ ആരാധകര്‍ ഉറ്റുനോക്കിയ മത്സരമായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഹൈ വോള്‍ട്ടേജ് പോരാട്ടം. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെ 191 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കളി തീര്‍ത്ത് ഏഴ് വിക്കറ്റിന്റെ ഉജ്വല ജയം ആഘോഷിച്ചിരുന്നു. ഏകദിന ലോകകപ്പുകളില്‍ പാകിസ്താനെതിരെ തുടര്‍ച്ചയായ എട്ടാം ജയമായിരുന്നു ഇന്ത്യയുടേത്.
എന്നാൽ മത്സരത്തിന്റെ ഫലത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താനി മാധ്യമപ്രവര്‍ത്തകയും പ്രശസ്ത ടിക് ടോകറുമായ ഹരീം ഷാ. മത്സരത്തിന് മുമ്പായി ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷാ മന്ത്രവാദിയായ കാര്‍ത്തിക് ചക്രവര്‍ത്തി എന്നയാളെ കണ്ട് ദുര്‍മന്ത്രവാദം നടത്തിയതിന് വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ഇതില്‍ അന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
സമൂഹ മാധ്യമമായ എക്സില്‍ ഹരീം ഷായിട്ട പോസ്റ്റിന് താഴെ പരിഹാസവുമായി നിരവധി പേരാണ് എത്തുന്നത്. ഇത് വെറും ട്രെയിലറാണെന്നും പാകിസ്താൻ-അഫ്ഗാനിസ്താൻ മത്സരത്തിന് മറ്റൊന്നുണ്ടെന്നും ഒരാള്‍ കുറിച്ചു. മത്സരത്തില്‍ ഇമാമുല്‍ ഹഖിനെ പുറത്താക്കുന്നതിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യ പന്ത് ചുണ്ടിനോട് ചേര്‍ത്തുപിടിച്ച് എന്തോ പറയുന്ന ചിത്രവും പലരും പങ്കുവെച്ചിട്ടുണ്ട്. ഇത് എന്തോ മന്ത്രമാണെന്നാണ് ഇവരുടെ പക്ഷം.
Post Your Comments