
നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയ ഹമാസ് തീവ്രവാദ ഗ്രൂപ്പിന്റെ ക്രൂരതയെ അപലപിച്ച് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളായ നിക്കി ഹേലിയും വിവേക് രാമസ്വാമിയും. ആക്രമണത്തെത്തുടർന്ന് നിക്കി ഹേലി ഇസ്രായേലിന് പിന്നിൽ അണിനിരന്നു. പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് ശനിയാഴ്ച തെക്കൻ ഇസ്രായേലിൽ റോക്കറ്റ് ആക്രമണം നടത്തി സൈനികർ ഉൾപ്പെടെ 600-ലധികം പേരെ കൊലപ്പെടുത്തിയിരുന്നു. 1,900-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിന് മറുപടിയായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഹമാസിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഒന്നിലധികം വ്യോമാക്രമണങ്ങൾ നടത്തി. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ സംഘർഷത്തിൽ ഇസ്രായേലിലും ഗാസയിലും 1000 പേർ മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ ഹമാസിനെ വിമർശിച്ച് നിക്കി രംഗത്തെത്തി.
ഹമാസും അവരെ പിന്തുണയ്ക്കുന്ന ഇറാനിയൻ ഭരണകൂടവും ‘ഇസ്രായേലിന് മരണം, അമേരിക്കയ്ക്ക് മരണം’ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്നും അതാണ് നമ്മൾ ഓർക്കേണ്ടതെന്നും നിക്കി ചൂണ്ടിക്കാട്ടി. ഹമാസും ഹിസ്ബുള്ളയും ഹൂതികളും ഇറാനിയൻ പിന്തുണക്കാരും ഞങ്ങളെ വെറുക്കുന്നതിനാൽ ഞങ്ങൾ ഇസ്രായേലുമായി ഐക്യപ്പെടുന്നു എന്നായിരുന്നു റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഹേലി ഞായറാഴ്ച എൻബിസി ന്യൂസിനോട് പറഞ്ഞത്.
‘ഇസ്രായേലിന് സംഭവിച്ചത് ഇവിടെ അമേരിക്കയിൽ സംഭവിക്കുമെന്ന് ഞങ്ങൾ ഓർക്കണം. നമ്മൾ എല്ലാവരും ഒന്നിച്ച് ഇസ്രായേലിനൊപ്പം നിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അവർക്ക് ഇപ്പോൾ ഞങ്ങളെ ശരിക്കും ആവശ്യമാണ്’, നിക്കി പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അവരെ (ഹമാസ്) തീർക്കാനും യുവതി ആവശ്യപ്പെടുന്നുണ്ട്.
Post Your Comments