പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ഇത്തവണ എക്സിൽ വെബ്സൈറ്റ് ലിങ്കുകൾ പ്രദർശിപ്പിക്കുന്ന രീതിയിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇതോടെ, പോസ്റ്റുകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ദൃശ്യമാകുന്നതാണ്. പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഒരു വാർത്ത വെബ്സൈറ്റിൽ നിന്നുള്ള വാർത്തകൾ പങ്കുവയ്ക്കുമ്പോൾ, ആ വാർത്തയുടെ പ്രധാന തലക്കെട്ട് എക്സിൽ ദൃശ്യമാകുകയില്ല. ഇതിന് പകരം വാർത്തയിലെ ചിത്രം മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഒരു ചിത്രം പങ്കുവയ്ക്കുമ്പോൾ, എങ്ങനെയാണോ പോസ്റ്റ് ദൃശ്യമാകുക അതുപോലെയായിരിക്കും പുതിയ അപ്ഡേഷൻ.
വാർത്തകളിലെ ഉള്ളടക്കത്തിൽ നിന്നുള്ള ചിത്രമാണ് പ്രധാന പേജിൽ കാണാൻ കഴിയുക. ഇതിനോടൊപ്പം ഉപഭോക്താവ് പങ്കുവെക്കുന്ന കുറിപ്പ് പോസ്റ്റിന്റെ ക്യാപ്ഷനായും കാണപ്പെടും. ചിത്രത്തിന്റെ ഇടത് ഭാഗത്ത് താഴെയായാണ് വെബ്സൈറ്റിന്റെ ഡൊമൈൻ പ്രദർശിപ്പിക്കുക. വായനക്കാരൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുന്നതോടെ, വാർത്തകൾ പൂർണമായും വായിക്കാൻ സാധിക്കും. അതേസമയം, പരസ്യങ്ങളുടെ ലിങ്കുകൾക്ക് ഈ മാറ്റം ബാധകമായിരിക്കുകയില്ലെന്ന് എക്സ് വ്യക്തമാക്കി. നിലവിൽ, ഐഒഎസ് ആപ്പിലും വെബ്സൈറ്റിലും പുതിയ അപ്ഡേറ്റ് എത്തിയിട്ടുണ്ട്. ട്വിറ്റർ എന്ന പേരിൽ നിന്ന് എക്സിലേക്ക് റീബ്രാൻഡ് ചെയ്യപ്പെട്ടതോടെ നിരവധി തരത്തിലുള്ള മാറ്റങ്ങൾക്ക് ഇതിനോടകം തന്നെ ഉപഭോക്താക്കൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
Post Your Comments