KeralaLatest News

കണ്ണൂർ ജയിലിൽ പ്രതികളുടെ സമാന്തര ഭരണം: ടിപി കേസ് പ്രതികളുടെ കയ്യിലെ പാവകളായി ഉദ്യോഗസ്ഥർ, ലഹരിയും മൊബൈലും യഥേഷ്ടം

കണ്ണൂർ: സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും ഡ്യൂട്ടി നിശ്ചയിക്കുന്നതിൽ വരെ ഇടപെട്ട് ടി പി ചന്ദ്രശേഖരൻ വധകേസ് പ്രതികൾ. ഒരു പ്രിസൺ ഓഫിസറുടെയും ഒരു അസി.പ്രിസൺ ഓഫിസറുടെയും സഹായത്തോടെയാണിവർ സമാന്തരഭരണം നടത്തുന്നത്.

കഞ്ചാവ്, മദ്യം, ബീഡി, മൊബൈൽ ഫോൺ, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങി തടവുകാരുടെ നിയമവിരുദ്ധമായ ആവശ്യങ്ങളെല്ലാം ഇവർ ‘പ്രതിഫലം’ പറ്റി ചെയ്തുകൊടുക്കുന്നു. ആളനക്കം കുറഞ്ഞ ഇടങ്ങളിൽ മതിലിനു മുകളിലൂടെയാണു സാധനങ്ങൾ എറിഞ്ഞുകൊടുക്കുന്നത്. ഫോൺ റീചാർജ് ചെയ്യാനും സംഘത്തിന്റെ സഹായമുണ്ട്. റിമാൻഡ് തടവുകാരുടെ ജാമ്യത്തിന് അഭിഭാഷകരെ ഏർപ്പാടാക്കുന്നതും ഇവർ തന്നെ. ജയിൽവാസം ഒഴിവാക്കി, ആശുപത്രിവാസം ലഭിക്കാനും ഇടയ്ക്കു പരോൾ ലഭിക്കാനും തടവുകാർ ഇവരെയാണു സമീപിക്കുന്നത്.

നിരീക്ഷണ ടവർ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. തടവുകാർക്കുള്ള പൊതു ഫോണിൽ നിന്നാണ് സാധനങ്ങളെത്തിക്കാനും മൊബൈൽ ഫോൺ റീചാർജ് ചെയ്യാനുമൊക്കെ പുറത്തേക്കു വിളിക്കുന്നത്. പ്രതിഫലത്തിന്റെ പണമിടപാടുകൾ ജയിലിനു പുറത്താണ്. സേവനം കൈപ്പറ്റിയ തടവുകാരുടെ ബന്ധുക്കൾ, ടിപി കേസ് പ്രതികൾ നിർദ്ദേശിക്കുന്നവർക്ക് ഓൺലൈനായി പണം നൽകണം.

ടി.കെ.രജീഷടക്കം, ടിപി കേസിലെ 6 പ്രതികളാണു കണ്ണൂർ സെൻട്രൽ ജയിലിലുള്ളത്. 5 വർഷത്തിലൊരിക്കൽ ജയിൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റണമെന്ന നിർദേശം കണ്ണൂരിൽ നടപ്പായിട്ടില്ല. അതേസമയം, സെൻട്രൽ ജയിൽ ഇപ്പോഴും ഉദ്യോഗസ്ഥ നിയന്ത്രണത്തിൽ തന്നെയാണെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും സൂപ്രണ്ട് പി.വിജയൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button