
കൊച്ചി: കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് അദ്ധ്യക്ഷനുമായ എം.കെ കണ്ണന് വീണ്ടും ഇഡി നോട്ടീസ് നല്‍കും. ഇതുവരെ ഹാജരാക്കിയ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് ഇഡി അറിയിച്ചു. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നല്‍കാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
എം.കെ കണ്ണന്‍ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ തൃശൂര്‍ സഹകരണ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ ഇല്ലെന്ന് ഇഡി വ്യക്തമാക്കി. സ്വത്ത് വിവരങ്ങളുടെ രേഖകള്‍ ഹാജരാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാവിലെ എം.കെ കണ്ണന്റെ സഹായികള്‍ രേഖകള്‍ ഇഡിയ്ക്ക് മുന്നില്‍ ഹാജരാക്കിയത്.
കണ്ണന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമി, നിക്ഷേപങ്ങള്‍, സ്വര്‍ണം തുടങ്ങിയ വിവരങ്ങളാണ് ഇഡി പരിശോധിച്ചത്. കരുവന്നൂര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധവും, വിദേശ യാത്രകളും, സതീഷ് കുമാറിന് നല്‍കിയ സഹായങ്ങള്‍ എന്നിവയാണ് ഇഡിയ്ക്ക് മുന്നിലെ പ്രധാന സംശയങ്ങള്‍.
Post Your Comments