ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. അമേരിക്കൻ സർക്കാരിന്റെ ട്രഷറി യീൽഡ് 16 വർഷത്തെ ഉയരത്തിൽ എത്തുകയും, നിക്ഷേപകർ ഓഹരികളെ കൈവിട്ട് ബോണ്ടുകളിലേക്ക് ചേക്കേറിയതുമാണ് ഇന്ന് ഇന്ത്യൻ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ച പ്രധാന ഘടകം. ആഗോള ഘടകങ്ങൾ വെല്ലുവിളി ഉയർത്തിയതിനെ തുടർന്ന് ഇന്നലെയും വ്യാപാരം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 286.06 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,226.04-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 92.65 പോയിന്റ് ഇടിഞ്ഞ് 19,436.10-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. അതേസമയം, ബിഎസ്ഇയിലെ കമ്പനികളുടെ മൊത്തം നിക്ഷേപക മൂല്യം ഇന്ന് 2.55 ലക്ഷം കോടി രൂപ ഇടിഞ്ഞ് 316.66 ലക്ഷം കോടി രൂപയിൽ എത്തിയിട്ടുണ്ട്.
ബാങ്കിംഗ്, മറ്റ് ധനകാര്യ ഓഹരികളിലാണ് ഇന്ന് വൻ വിൽപ്പന സമ്മർദ്ദം പ്രകടമായത്. ആക്സിസ് ബാങ്ക്, എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിൻസർവ്, എൻടിപിസി, അൾട്രാടെക് സിമന്റ് തുടങ്ങിയവയാണ് സെൻസെക്സിൽ കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. അതേസമയം, നിഫ്റ്റിയിൽ ആക്സിസ് ബാങ്ക്, മാക്രോ ടെക് ഡെവലപ്പേഴ്സ്, എൽ ആൻഡ് ടി ഫിനാൻസ്, മഹീന്ദ്ര ഫിനാൻഷ്യൽ സർവീസ്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി. നെസ്‌ലെ, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, അദാനി വിൽമർ, ഇൻഫോസിസ്, രാംകോ സിമന്റ് തുടങ്ങിയവയുടെ ഓഹരികൾ നേട്ടം കൈവരിച്ചു.
Also Read: ശരീരത്തിന് നിറം വെയ്ക്കാനുള്ള ഭക്ഷണങ്ങൾ ഏതെന്നറിയുമോ?
Post Your Comments