Latest NewsIndia

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഹർജികൾ തള്ളി സുപ്രീം കോടതി: ഓരോ ഹർജിയിലെ പിഴയും ഇട്ടു

ന്യൂഡൽഹി : മയക്കുമരുന്ന് കേസ് വ്യാജമായി സൃഷ്ടിച്ചെന്ന പരാതിയിൽ പുറത്താക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് സമർപ്പിച്ച മൂന്ന് ഹർജികൾ സുപ്രീം കോടതി തള്ളി. വിചാരണ നടത്തുന്ന കീഴ്‌ക്കോടതി ജഡ്ജി പക്ഷപാതം കാണിച്ചെന്നാരോപിച്ചാണ് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. സഞ്ജീവ് ഭട്ട് സമർപ്പിച്ച ഓരോ ഹർജിയിലും ഒരു ലക്ഷം രൂപ വീതം പിഴയും സുപ്രീംകോടതി ചുമത്തി.

ഈ പിഴത്തുക ഗുജറാത്ത് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷനിൽ നിക്ഷേപിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.ഒരു കിലോയോളം മയക്കുമരുന്ന് കൈവശം വെച്ചെന്നാരോപിച്ച് 1996ൽ അഭിഭാഷകനായ സുമർ സിംഗ് രാജ് പുരോഹിതിനെ സഞ്ജീവ് ഭട്ട് അറസ്റ്റ് ചെയ്തിരുന്നു. അഭിഭാഷകനോടുള്ള വിരോധം തീർക്കാനായി ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് തന്നെയാണ് ഈ മയക്കുമരുന്ന് സ്ഥലത്തെത്തിച്ചത് എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

ഈ കേസിൽ ഗുജറാത്ത് സിഐഡി 2018ലാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. 1990ൽ നടന്ന ഒരു കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയ അപ്പീലിനെ പിന്തുണയ്ക്കുന്നതിന് കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സമർപ്പിച്ച മറ്റൊരു ഹർജി ഈ വർഷം മേയിൽ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ചാണ് സഞ്ജീവ് ഭട്ടിന്റെ ഹർജികൾ തള്ളിയത്.

മുൻകാലങ്ങളിൽ സമാനമായ ഹർജികൾ നൽകിയതിനെ കുറിച്ച് ഭട്ടിന് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്തിനെ കോടതി ഓർമ്മിപ്പിച്ചു. ഈ ആവശ്യവുമായി ഒരു ഡസൻ തവണയെങ്കിലും സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിൽ പോയിട്ടുണ്ടല്ലോ എന്ന് ജഡ്ജിമാർ വിമർശിച്ചു. തുടർന്നാണ് സഞ്ജീവ് ഭട്ട് സമർപ്പിച്ച ഓരോ ഹർജിയിലും ഒരു ലക്ഷം രൂപ വെച്ച് മൂന്ന് ലക്ഷം രൂപ പിഴയായി ചുമത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button