ന്യൂഡല്‍ഹി: ഓണ്‍ലൈൻ മാധ്യമസ്ഥാപനമായ ‘ന്യൂസ്ക്ലിക്കു’മായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഡല്‍ഹി പോലീസിന്റെ വ്യാപക പരിശോധന നടന്നത് കൃത്യമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ അതീവ രഹസ്യമായി ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ലോധി കോളനിയിലെ സ്പെഷ്യല്‍ സെല്‍ ഓഫീസിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗം നടന്നത്. ഇതിനുപിന്നാലെയാണ് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 കേന്ദ്രങ്ങളില്‍ ഡല്‍ഹി പോലീസിന്റെ പരിശോധന ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ.
സ്പെഷ്യല്‍ സെല്ലിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗമാണ് സ്പെഷ്യല്‍ സെല്‍ ഓഫീസില്‍ നടന്നത്. പുലര്‍ച്ചെ രണ്ടുമണിക്ക് നടന്ന യോഗത്തില്‍ ഇരുന്നൂറിലേറെ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യോഗത്തില്‍നിന്ന് വിവരങ്ങള്‍ ചോരാതിരിക്കാനും പോലീസ് പ്രത്യേകം ജാഗ്രത പുലര്‍ത്തി. ഒരുവിവരവും പുറത്തറിയാതിരിക്കാനായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമേ ജൂനിയര്‍ ഉദ്യോഗസ്ഥരുടെയും മൊബൈല്‍ഫോണുകള്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹി പോലീസിന്റെ പ്രത്യേകസംഘം 30 കേന്ദ്രങ്ങളിലായാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. എ,ബി,സി എന്നീ കാറ്റഗറികളാക്കി തിരിച്ചായിരുന്നു പരിശോധന. ഡല്‍ഹിക്ക് പുറമേ മുംബൈയിലും ചൊവ്വാഴ്ച പരിശോധന നടന്നു. മുംബൈയില്‍ ആക്ടിവിസ്റ്റായ തീസ്ത സെതല്‍വാദിന്റെ വസതിയിലാണ് പരിശോധന നടന്നത്. ഡല്‍ഹി പോലീസ് സംഘത്തിനൊപ്പം മുംബൈ പോലീസും ഇവിടെ പരിശോധനയില്‍ പങ്കെടുത്തു.
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും ചൊവ്വാഴ്ച രാവിലെ പോലീസ് സംഘമെത്തി. യെച്ചൂരിയുടെ ജീവനക്കാരനായ ശ്രീനാരായണിന്റെ മകൻ സുൻമീത് കുമാറിനെ ചോദ്യംചെയ്യാനായാണ് പോലീസ് സംഘം ഇവിടെ എത്തിയത്. ന്യൂസ് ക്ലിക്കില്‍ ജോലിചെയ്യുന്ന സുൻമീത് കുമാറിന്റെ മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ്, ഹാര്‍ഡ് ഡിസ്ക് എന്നിവ പോലീസ് സംഘം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.
കേന്ദ്ര ഏജൻസികളില്‍നിന്നുള്ള വിവരങ്ങളെത്തുടര്‍ന്നാണ് ചൊവ്വാഴ്ച ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഡല്‍ഹി പോലീസ് വ്യാപക പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ന്യൂസ് ക്ലിക്കിനെതിരേ ന്യൂഡല്‍ഹി റെയ്ഞ്ചില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കൻ കോടീശ്വരനായ നെവില്‍ റോയ് സിംഘത്തില്‍നിന്ന് ന്യൂസ് ക്ലിക്കിനും ഫണ്ടിങ് ലഭിച്ചതായി നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനീസ് അനുകൂല വാര്‍ത്തകള്‍ നല്‍കാനായാണ് നെവില്‍ റോയ് സിംഘം പണം മുടക്കിയതെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായുള്ള ആശയപ്രചരണത്തിനായി ലോകമെമ്പാടും പണം മുടക്കുന്നയാളാണ് നെവില്‍ സിംഘമെന്നും നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രഭിര്‍ പുര്‍കയാസ്ഥ, എഴുത്തുകാരായ പരഞ്ജോയ് ഗുഹ താകുര്‍ത്ത, ഊര്‍മിളേഷ് എന്നിവരെ ഡല്‍ഹിയിലെ സ്പെഷ്യല്‍ സെല്‍ ഓഫീസുകളില്‍ എത്തിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ സ്പെഷ്യല്‍ സെല്‍ ഓഫീസുകളിലേക്ക് കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
Post Your Comments