ആലപ്പുഴ: പാർട്ടി നേതൃത്വത്തിലുള്ളവർ പാർട്ടിക്ക് പുറത്തും സ്വീകാര്യരായിരിക്കണമെന്ന മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരന്റെ പാമർശത്തിൽ പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം. സുധാകരൻ പറഞ്ഞത് പാർട്ടിയുടെ നിലപാടുതന്നെയാണെന്നും അദ്ദേഹത്തിന്റെ ശൈലിയിൽ പറഞ്ഞതാണ് വിവാദമാകാൻ കാരണമെന്നുമാണ് നേതാക്കൾ നൽകുന്ന സൂചന.
അതേസമയം, ആലപ്പുഴയിലെ പാർട്ടിയിൽ അടുത്തകാലത്തുണ്ടായ ചില വിവാദങ്ങൾ മനസ്സിൽവെച്ചാണ് സുധാകരൻ പ്രസംഗിച്ചതെന്നു സൂചനയുണ്ട്. പൂയപ്പിള്ളി തങ്കപ്പൻ രചിച്ച് എൻബിഎസ് പ്രസിദ്ധീകരിച്ച ‘സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കർ കവിതയിലെ പോരാട്ടവീര്യം’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് പാർട്ടി നേതൃത്വത്തെ വിമർശിച്ച് സുധാകരൻ പ്രസംഗിച്ചത്.
സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി മുൻമന്ത്രി ജി സുധാകരൻ. മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഞങ്ങള് കുറച്ചുപേർ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ലെന്ന് ജി സുധാകരൻ പറഞ്ഞു. സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണമെന്നും അങ്ങനെയാണ് പാർട്ടി വളരുന്നതെന്നും ജി സുധാകരൻ പറഞ്ഞു.
‘അഞ്ചാറു പേര് കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാൽ പാർട്ടി ഉണ്ടാകുമോ?. അങ്ങനെ പാർട്ടി വളരുമെന്ന് ചിലർ കരുതുന്നു, അത് തെറ്റാണ്, ഇങ്ങനെയൊന്നുമല്ല. അറിയാവുന്നതു കൊണ്ടാണ് പറയുന്നത്. പാർട്ടിക്ക് പുറത്തുള്ളവർ നമുക്ക് സ്വീകാര്യരാകുന്നില്ലെങ്കിൽ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും?’- അദ്ദേഹം ചോദിച്ചു.
‘മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കുന്ന സ്ഥിതി കണ്ണൂരിൽ എവിടെയെങ്കിലും ഉണ്ടായേക്കാം. ആലപ്പുഴയിൽ എങ്ങുമില്ല. മറ്റുള്ളവർക്കു കൂടി സ്വീകാര്യനാകണം. അങ്ങനെയാണ് പ്രസ്ഥാനം വളരുന്നത്. പാർട്ടി നിർദേശം അനുസരിച്ച് എല്ലാവരും സംഘടനയ്ക്ക് വോട്ട് ചെയ്യണമെന്നാണ്. നേതാക്കൾ അതിന് അനുസരിച്ച് പ്രവർത്തിക്കണം’- ജി സുധാകരൻ പറഞ്ഞു.
‘രാജ്യത്ത് 12ശതമാനം ആയിരുന്ന കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ 2.5ശതമാനം ആയി. കേരളത്തിൽ 47ശത്മാനമാണ്. അതുകൊണ്ട് ശാന്തമായി, ക്ഷമയോടെ, നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി ഒരുപാട് മുന്നോട്ട് പോകേണ്ട പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് നല്ലത്. ഓരോ വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം’- ജി സുധാകരൻ വ്യക്തമാക്കി.
Post Your Comments